കൊച്ചി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൻഡിഎ സഖ്യം അധികാരം പിടിച്ചെടുക്കുമെന്ന് ട്വന്റി20 പാർട്ടി. പാർട്ടി എൻഡിഎയിൽ ചേർന്നതിന് ശേഷം വാർഡ് കമ്മിറ്റി ഭാരവാഹികൾ മുതൽ സംസ്ഥാന ഉന്നതാധികാര സമിതി അംഗങ്ങൾ വരെ പങ്കെടുത്ത യോഗത്തിലാണ് ഈ പ്രഖ്യാപനമുണ്ടായത്. പാർട്ടിയുടെ നയങ്ങളും വികസന കാഴ്ചപ്പാടും പിന്തുടരുന്ന എൻഡിഎ മുന്നണിയിലേക്കുള്ള പ്രവേശനത്തെ യോഗം ഐകകണ്ഠേന സ്വാഗതം ചെയ്തു.
തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ ട്വന്റി20 പാർട്ടിയെ ഇല്ലാതാക്കാൻ ഇടത്-വലത് മുന്നണികൾ വർഗീയ പാർട്ടികളുമായി കൈകോർത്തതാണ് എൻഡിഎ പ്രവേശനത്തിന് കാരണമെന്ന് പാർട്ടി പ്രസിഡന്റ് സാബു എം ജേക്കബ് വിശദീകരിച്ചു. രാഷ്ട്രീയ സദാചാരം ലംഘിച്ചുള്ള ഈ നീക്കം പാർട്ടിയുടെ നിലപാടുകളിൽ മാറ്റം വരുത്താൻ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 12 വർഷത്തെ ഭരണത്തിലൂടെ ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുന്നിലെത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പ്രവർത്തിക്കുന്നത് കേരളത്തിന്റെ പുരോഗതിക്ക് അനിവാര്യമാണെന്നും യോഗം വിലയിരുത്തി.
കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനും ട്വന്റി20 പാർട്ടി എൻഡിഎ മുന്നണിയിൽ മുൻപന്തിയിലുണ്ടാകുമെന്ന് സാബു ജേക്കബ് ഉറപ്പുനൽകി. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ പാർട്ടിയുടെ ഈ രാഷ്ട്രീയ മാറ്റത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകൾ പുതുതായി പാർട്ടി അംഗത്വം എടുക്കാൻ മുന്നോട്ടുവരുന്നത് രാഷ്ട്രീയ വിജയത്തിന്റെ സൂചനയാണെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment