തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. പ്രത്യേക അന്വേഷണ സംഘം കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കാത്തത് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ അവസരമൊരുക്കിയെന്നും, ഇത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമാണെന്നും അദ്ദേഹം ആരോപിച്ചു.
അന്വേഷണ സംഘത്തിന്റെ വീഴ്ചയെ ന്യായീകരിക്കാന്‍ മന്ത്രിമാര്‍ സഭയില്‍ ഉള്‍പ്പെടെ വിവരക്കേട് വിളിച്ചുപറയുകയാണെന്നും, സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണമെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ലജ്ജാകരമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. സ്വര്‍ണ്ണക്കൊള്ള കേസില്‍ സര്‍ക്കാരിന് മറ്റ് പ്രതിരോധങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധങ്ങള്‍ പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, കേസ് അന്വേഷണം ആരംഭിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും കുറ്റപത്രം നല്‍കാത്തതിനെത്തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു തുടങ്ങിയതോടെ എസ്‌ഐടി നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ക്കായി വി.എസ്.എസ്.സിയുമായി വീണ്ടും കൂടിയാലോചനകള്‍ നടത്തി ഫെബ്രുവരി 15-ന് മുന്‍പായി കുറ്റപത്രം സമര്‍പ്പിക്കാനാണ് നിലവിലെ നീക്കം.
കേസിലെ പ്രധാന പ്രതികളിലൊരാളായ മുരാരി ബാബു ജാമ്യം ലഭിച്ച് ജയില്‍ മോചിതനായതും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒരു കേസില്‍ ജാമ്യം ലഭിച്ചതും അന്വേഷണ സംഘത്തിന് തിരിച്ചടിയായിട്ടുണ്ട്. മറ്റ് പ്രതികളും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനൊരുങ്ങുന്ന പശ്ചാത്തലത്തില്‍, ദ്വാരപാലക ശില്‍പ്പപാളികളിലെ സ്വര്‍ണ്ണ മോഷണക്കേസിലാകും ആദ്യം കുറ്റപത്രം സമര്‍പ്പിക്കുക.
Comments
No comments yet. Be the first to comment!
Leave a Comment