Thursday, July 23, 2026
Kerala News

മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി 28 ന്

മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി 28 ന്

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കുട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ഈ മാസം 28-ന് വിധി പറയും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങള്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് കോടതി വിധി പറയുന്നത് മാറ്റിവെച്ചത്. അതിജീവിതയുടെ പരാതിയില്‍ പറയുന്ന പല കാര്യങ്ങളും വസ്തുതാവിരുദ്ധമാണെന്നും രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്നുമാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. കൂടാതെ, പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും അതിനാല്‍ ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്നും രാഹുലിന്റെ അഭിഭാഷകര്‍ വാദിച്ചു.

എന്നാല്‍, രാഹുല്‍ മാങ്കുട്ടത്തിലിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതി അന്വേഷണവുമായി ഒട്ടും സഹകരിക്കുന്നില്ലെന്നും ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. നേരത്തെ തിരുവല്ല മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് രാഹുല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. ജനുവരി 11-ന് പാലക്കാട് വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കുട്ടത്തില്‍ നിലവില്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.






Related News

Comments

No comments yet. Be the first to comment!

Leave a Comment