സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രതികരിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. മണ്ഡലത്തിലുള്ള ആളെന്ന നിലയിലാണ് പോറ്റിയുമായി സഹകരിച്ചതെന്നും അതല്ലാതെ മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നുമാണ് അടൂര്‍ പ്രകാശിന്റെ വിശദീകരണം. പോറ്റി ക്ഷണിച്ചതിനെ തുടര്‍ന്ന് ചില ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.
ശബരിമലയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോറ്റി തന്നെ ക്ഷണിച്ചതിനെ തുടര്‍ന്നാണ് അവിടെ പോയതെന്നും, പിന്നീട് പോറ്റിയുടെ പിതാവ് മരിച്ചപ്പോള്‍ അനുശോചനം അറിയിക്കാന്‍ പോയതായും അടൂര്‍ പ്രകാശ് പറഞ്ഞു. പോറ്റിയുടെ സഹോദരി താമസിക്കുന്ന വീട്ടിലും പോയിട്ടുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറി രമണി പി. നായര്‍ക്കൊപ്പമായിരുന്നു ആ സന്ദര്‍ശനം. എന്നാല്‍ പോറ്റി സ്വര്‍ണക്കൊള്ളസംഘത്തിലെ അംഗമാണെന്ന കാര്യം അന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പോറ്റിയില്‍ നിന്ന് സമ്മാനം സ്വീകരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിനെ അടൂര്‍ പ്രകാശ് നിഷേധിച്ചില്ല. ഈന്തപ്പഴമോ അതുപോലുള്ള ചെറിയ സമ്മാനമാണ് നല്‍കിയതെന്നും അത് ഉടന്‍ തന്നെ അവിടെയുണ്ടായിരുന്നവര്‍ക്ക് വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. കൈയില്‍ നല്‍കിയ കവര്‍ പോറ്റിയുടെ സഹോദരിയുടെ മകളുടെ ചടങ്ങുമായി ബന്ധപ്പെട്ട ക്ഷണപത്രമാണെന്നും അതിനാലാണ് പിന്നീട് അവരുടെ വീട്ടില്‍ പോയതെന്നും അടൂര്‍ പ്രകാശ് വിശദീകരിച്ചു.
പോറ്റി തന്റെ വഴിയാണ് സോണിയ ഗാന്ധിയെ കണ്ടതെന്ന ആരോപണവും അടൂര്‍ പ്രകാശ് തള്ളി. ചടങ്ങ് ഏതാണെന്ന് കൃത്യമായി ഓര്‍ക്കാനാകുന്നില്ലെന്നും, രമേഷ് ബാബുവിനെ അറിയില്ലെന്നും, ഒപ്പം വന്നവരെയും പരിചയമില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ നിത്യസന്ദര്‍ശകനാണെന്നു പറഞ്ഞ പോറ്റിയുടെ അയല്‍ക്കാരന്‍ പെയ്ഡ് സാക്ഷിയായിരിക്കാമെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment