കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. കസ്റ്റഡിയില്‍ വാങ്ങി നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നുവെന്ന് തന്ത്രി ഭാഗികമായി സമ്മതിച്ചു. ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങള്‍, കട്ടിളപ്പാളി എന്നിവയുമായി ബന്ധപ്പെട്ട സ്വര്‍ണ്ണത്തട്ടിപ്പുകളില്‍ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന മൊഴികളും തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ മൊഴിക്ക് പുറമെ, സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനവുമായുള്ള ബന്ധം, സംസ്ഥാനത്തിന് പുറത്ത് നടത്തിയ സാമ്പത്തിക ഇടപാടുകള്‍, ഗൂഢാലോചനയിലെ പങ്കാളിത്തം എന്നിവയുമായി ബന്ധപ്പെട്ട ബാങ്ക് വിവരങ്ങളും തന്ത്രിക്ക് തിരിച്ചടിയായി. ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ദ്ധന്‍ എന്നിവരുമായി തന്ത്രിക്കുള്ള ബന്ധവും എസ്.ഐ.ടി സ്ഥിരീകരിച്ചിട്ടുണ്ട്. തന്ത്രിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ, ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഈ മാസം 28-ന് കോടതി പരിഗണിക്കും.
അതേസമയം, കേസിലെ മറ്റൊരു പ്രതിയായ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് മുരാരി ബാബു ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment