Thursday, July 23, 2026
Kerala News

ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസുവിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസുവിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിന് വന്‍ തിരിച്ചടി. പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് എന്‍. വാസുവിന്റെ അപ്പീല്‍ പരിഗണിച്ചത്. കേസില്‍ ഇടപെടാന്‍ വിസമ്മതിച്ച കോടതി, നിങ്ങള്‍ ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന ഗൗരവകരമായ പരാമര്‍ശവും നടത്തി. താന്‍ തിരുവാഭരണം കമ്മീഷണര്‍ മാത്രമായിരുന്നുവെന്നും 77 ദിവസമായി കസ്റ്റഡിയിലാണെന്നും വാസു കോടതിയില്‍ വാദിച്ചെങ്കിലും, കവര്‍ച്ച നടന്ന സമയത്ത് ചുമതലയിലുണ്ടായിരുന്ന വ്യക്തി എന്ന നിലയില്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

സ്വര്‍ണപ്പാളികളില്‍ വീണ്ടും സ്വര്‍ണം പൂശിയത് എന്തിനെന്ന നിര്‍ണ്ണായക ചോദ്യം കോടതി എന്‍. വാസുവിനോട് ഉന്നയിച്ചു. അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നും അതിനാല്‍ കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്നുമുള്ള വാദങ്ങള്‍ തള്ളിയ കോടതി, ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാനാണ് നിര്‍ദ്ദേശിച്ചത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് എന്‍. വാസു സുപ്രീംകോടതിയെ സമീപിച്ചത്. ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മൂന്നാം പ്രതിയാണ് ഇയാള്‍.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ശബരിമല തന്ത്രിയെ ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രത്യേക അന്വേഷണ സംഘം കേസില്‍ ഉന്നതരെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. കേസിലെ മറ്റൊരു പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും പണമിടപാടുകളെയും യാത്രകളെയും സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. തന്റെ നിയമവിരുദ്ധമായ ഇടപാടുകളുടെ വിശദാംശങ്ങള്‍ പോറ്റി ഫോണില്‍ സൂക്ഷിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.

കേസിലെ നിര്‍ണ്ണായകമായ ദേവപ്രശ്‌ന ചാര്‍ത്ത് കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് ലഭിച്ചു. 2017 ലെ കൊടിമര പുനഃപ്രതിഷ്ഠ ദേവപ്രശ്‌ന വിധി പ്രകാരമാണെന്ന് ഇതിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. 2014 ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എം.പി. ഗോവിന്ദന്‍ നായര്‍ പ്രസിഡന്റായ ബോര്‍ഡാണ് കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഇതിന്റെ മറവില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഉന്നതരായ വ്യക്തികള്‍ക്ക് കേസില്‍ പങ്കുണ്ടെന്ന സൂചനകളെ തുടര്‍ന്ന് വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും.





Related News

Comments

No comments yet. Be the first to comment!

Leave a Comment