Thursday, July 23, 2026
Kerala News

നിയമസഭാ തിരഞ്ഞെടുപ്പ്; 11 ഇന ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു ചങ്ങനാശ്ശേരി അതിരൂപത

നിയമസഭാ തിരഞ്ഞെടുപ്പ്; 11 ഇന ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു ചങ്ങനാശ്ശേരി അതിരൂപത

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നില്‍ നിര്‍ണ്ണായകമായ പതിനൊന്ന് ഇന ആവശ്യങ്ങള്‍ ഉന്നയിച്ച് ചങ്ങനാശ്ശേരി അതിരൂപത. സമുദായ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ അംഗീകരിച്ച പ്രമേയത്തിലൂടെയാണ് അതിരൂപത തങ്ങളുടെ കടുത്ത നിലപാട് വ്യക്തമാക്കിയത്. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുക്കണമെന്നതാണ് പ്രമേയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കണമെന്നും അതിരൂപത ആവശ്യപ്പെട്ടു.

ക്രൈസ്തവ സമുദായത്തെ സംസ്ഥാനത്തെ മൈക്രോ ന്യൂനപക്ഷമായി അംഗീകരിച്ച് പ്രത്യേക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്നാണ് സഭയുടെ മറ്റൊരു പ്രധാന ആവശ്യം. ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം എല്ലാ ന്യൂനപക്ഷ സമുദായങ്ങള്‍ക്കും മാറി മാറി ലഭിക്കുന്ന രീതിയില്‍ വീതിച്ചു നല്‍കണം. കൂടാതെ, ക്രൈസ്തവ മേഖലയിലെ പിന്നാക്കാവസ്ഥ പഠിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്നും സഭ രാഷ്ട്രീയ നേതൃത്വങ്ങളോട് ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ-കാര്‍ഷിക മേഖലകളിലെ പ്രശ്‌നങ്ങളും പ്രമേയത്തില്‍ ഊന്നിപ്പറയുന്നുണ്ട്. എയ്ഡഡ് വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധികള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നും കുട്ടനാടിന്റെ വികസനത്തിനായി പ്രത്യേക പാക്കേജുകള്‍ ആവിഷ്‌കരിക്കണമെന്നും സഭ ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റങ്ങള്‍ അവസാനിപ്പിക്കണമെന്നും, ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ ഭീകരവാദങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ ചങ്ങനാശ്ശേരി അതിരൂപത മുന്നറിയിപ്പ് നല്‍കി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സഭയുടെ നിലപാട് നിര്‍ണ്ണായകമാകുമെന്ന സൂചനയാണ് ഈ പ്രമേയം നല്‍കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment