ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ നിര്‍ണ്ണായകമായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണ് കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്. ക്ഷേത്രത്തിലെ ദ്വാരപാലക ശില്‍പ്പങ്ങള്‍, ശ്രീകോവില്‍ കട്ടിളപ്പാളി എന്നിവിടങ്ങളില്‍ പൊതിഞ്ഞിരുന്ന സ്വര്‍ണ്ണത്തിന്റെ അളവില്‍ വലിയ കുറവുണ്ടായതായി വി.എസ്.എസ്.സി റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.
1998-ല്‍ വിജയ് മല്യയുടെ യു.ബി ഗ്രൂപ്പ് സമര്‍പ്പിച്ച സ്വര്‍ണ്ണപ്പാളികളിലെ സ്വര്‍ണ്ണത്തിന്റെ അളവും, 2019-ല്‍ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം തിരിച്ചെത്തിച്ചവയിലെ സ്വര്‍ണ്ണത്തിന്റെ അളവും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് കണ്ടെത്തല്‍. പ്രത്യേകിച്ചും ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണ്ണത്തിന്റെ തൂക്കത്തിലാണ് കാര്യമായ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. കാലപ്പഴക്കം കൊണ്ട് സ്വര്‍ണ്ണത്തിന് സംഭവിക്കാവുന്ന തൂക്കവ്യത്യാസത്തെക്കുറിച്ച് നിലവില്‍ വിദഗ്ധ പരിശോധന നടന്നു വരികയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിനു ശേഷമുള്ള തുടര്‍നടപടികളും അന്വേഷണ സംഘം കോടതിയെ അറിയിക്കും. സന്നിധാനത്തുണ്ടായിരുന്ന വാജിവാഹനം തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തതും, കൊടിമരം പുനഃസ്ഥാപിക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ ദുരൂഹതകളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ അംഗം കെ.പി. ശങ്കരദാസ് എന്നിവരടക്കമുള്ള പ്രതികള്‍ക്കെതിരെയുള്ള കണ്ടെത്തലുകളും ഇതിലുണ്ട്.
സ്വര്‍ണ്ണക്കൊള്ളയുടെ വ്യാപ്തി വ്യക്തമാക്കുന്ന ഈ റിപ്പോര്‍ട്ടില്‍, നിലവില്‍ ക്ഷേത്രത്തിലുള്ള സ്വര്‍ണ്ണത്തിന്റെ പഴക്കവും ഗുണനിലവാരവും സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുന്നു. യഥാര്‍ത്ഥ സ്വര്‍ണ്ണപ്പാളികള്‍ മാറ്റി പകരം കുറഞ്ഞ അളവില്‍ സ്വര്‍ണ്ണം പൂശിയ ചെമ്പ് പാളികള്‍ സ്ഥാപിച്ചതാണോ എന്ന സംശയത്തിന് ശാസ്ത്രീയ പരിശോധനാ ഫലം ഉത്തരം നല്‍കും. കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ തവണ കോടതി അന്വേഷണ സംഘത്തിന് ആറാഴ്ചത്തെ സമയം കൂടി അനുവദിച്ചിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment