Thursday, July 23, 2026
Kerala News

മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മൂന്നാം ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്നലെ പത്തനംതിട്ട മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയ രാഹുലിനെ ഈ മാസം 24 വരെ വീണ്ടും റിമാന്‍ഡ് ചെയ്തിരുന്നു. നിലവില്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലാണ് അദ്ദേഹം കഴിയുന്നത്. 

കസ്റ്റഡി കാലാവധിയില്‍ കാര്യമായ തെളിവെടുപ്പ് നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പാലക്കാട് എത്തിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ കൂടുതല്‍ കസ്റ്റഡി ആവശ്യപ്പെട്ടേക്കും. എന്നാല്‍, മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിക്കുന്ന പക്ഷം ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.

യുവതിയാണ് മുറി എടുത്തതെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചേക്കും. രാഹുലിന് വേണ്ടി അഭിഭാഷകന്‍ ശാസ്തമംഗലം അജിത്ത് ഹാജരാകും. വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടേക്കും.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തോട് രാഹുല്‍ കാര്യമായി സഹകരിച്ചില്ലെന്നാണ് സൂചന. പരാതിക്കാരി പറഞ്ഞ തിരുവല്ല ക്ലബ് സെവന്‍ ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും, യുവതിയെ കണ്ടിരുന്നു എന്നതൊഴിച്ചാല്‍ ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്ന നിലപാടിലാണ് രാഹുല്‍. തന്റെ പക്കലുള്ള ലാപ്ടോപ്പ് എവിടെയാണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിട്ടില്ല. 

ഡിജിറ്റല്‍ തെളിവുകളുടെ ശേഖരണത്തിന് പാലക്കാട് പ്രതിയുമായി പോകണമെന്ന് എസ്ഐടി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ചുരുങ്ങിയ കസ്റ്റഡി കാലാവധിയില്‍ പാലക്കാട് യാത്രയും മുടങ്ങി. ആദ്യ ദിവസം മുതലുണ്ടായ കടുത്ത പ്രതിഷേധങ്ങളും രാഹുലിനെ പുറത്തിറക്കിയുള്ള തെളിവെടുപ്പിന് വെല്ലുവിളിയായി. 


Related News

Comments

No comments yet. Be the first to comment!

Leave a Comment