കലൂര്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ കെ. ബാബുവിന് പിഎംഎല്‍എ (PMLA) കോടതിയില്‍ നിന്നും സമന്‍സ് ലഭിച്ചു. ഇന്ന് കലൂര്‍ കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളത്. കേസില്‍ നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.
കെ. ബാബുവിന്റെ 25 ലക്ഷം രൂപ വിലവരുന്ന സ്വത്താണ് ഇഡി കണ്ടുകെട്ടിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട കോടതി നടപടികളുടെ ഭാഗമായി ബാബുവിന് വീണ്ടും സമന്‍സ് അയക്കുകയായിരുന്നു. എന്നാല്‍ എംഎല്‍എ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാവില്ലെന്നാണ് ലഭ്യമായ വിവരം. അഭിഭാഷകന്‍ മുഖേന കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.
2020ലാണ് കേസുമായി ബന്ധപ്പെട്ട് ഇഡി കെ. ബാബുവിനെ ചോദ്യം ചെയ്തത്. 2007 മുതല്‍ 2016 വരെ വരുമാനത്തിന് മേലായി 25 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. വിജിലന്‍സ് ആണ് ആദ്യം കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നീട് വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ചോദ്യംചെയ്യലിനും സ്വത്ത് കണ്ടുകെട്ടലിനും ശേഷമാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്.
Comments
No comments yet. Be the first to comment!
Leave a Comment