പത്തനംതിട്ട: ലൈംഗിക പീഡനക്കേസില്‍ കസ്റ്റഡിയിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തെളിവെടുപ്പിനിടെ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തി. തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലില്‍ താന്‍ എത്തിയിരുന്നുവെന്ന കാര്യം രാഹുല്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചു. അതിജീവിതയുമായി സംസാരിക്കാനാണ് ഹോട്ടലില്‍ എത്തിയതെന്നാണ് രാഹുലിന്റെ മൊഴി. എന്നാല്‍, അവിടെ വെച്ച് പീഡിപ്പിച്ചു എന്ന പരാതിയിലെ ആരോപണങ്ങളോട് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. തെളിവെടുപ്പിനിടെ സംഭവസ്ഥലത്തെ 408-ാം നമ്പര്‍ മുറി രാഹുല്‍ തിരിച്ചറിഞ്ഞു. ഹോട്ടല്‍ രജിസ്റ്ററില്‍ രാഹുല്‍ B R എന്ന പേരില്‍ മുറിയെടുത്തത് കേസിലെ നിര്‍ണ്ണായക തെളിവാണെന്ന് പ്രത്യേക അന്വേഷണ സംഘം വിലയിരുത്തുന്നു.
അതേസമയം, കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ സംബന്ധിച്ച് രാഹുല്‍ പുലര്‍ത്തുന്ന മൗനം പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ പാസ്വേഡ് നല്‍കാനോ, ലാപ്‌ടോപ്പ് എവിടെയാണെന്ന് വെളിപ്പെടുത്താനോ രാഹുല്‍ തയ്യാറായിട്ടില്ല. കേസില്‍ നിര്‍ണ്ണായകമായേക്കാവുന്ന ദൃശ്യങ്ങളും ചാറ്റുകളും നശിപ്പിക്കാനോ ഒളിപ്പിക്കാനോ ഉള്ള നീക്കമാണിതെന്ന് പൊലീസ് സംശയിക്കുന്നു. രാഷ്ട്രീയ പ്രമുഖരുമായുള്ള ആശയവിനിമയങ്ങള്‍ ഫോണിലുള്ളതിനാലാകാം ഇത്തരമൊരു നിലപാടെന്നും അന്വേഷണ സംഘം കരുതുന്നു. ലാപ്‌ടോപ്പ് കണ്ടെത്താനായി പാലക്കാടും വടകരയിലും വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് പൊലീസിന്റെ തീരുമാനം.
ഇന്ന് പുലര്‍ച്ചെ 5.40-ഓടെ പത്തനംതിട്ട എആര്‍ ക്യാമ്പില്‍ നിന്ന് കനത്ത പൊലീസ് സുരക്ഷയിലാണ് രാഹുലിനെ തെളിവെടുപ്പിനായി തിരുവല്ലയിലെത്തിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് അതീവ രഹസ്യമായാണ് നീക്കങ്ങള്‍ നടത്തിയത്. ഹോട്ടലിലെ തെളിവെടുപ്പിന് ശേഷം രാഹുലിനെ വീണ്ടും എആര്‍ ക്യാമ്പിലേക്ക് തിരിച്ചെത്തിച്ചു. മൊബൈലിലെ വിവരങ്ങള്‍ വീണ്ടെടുക്കുന്നതിനായി ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനും കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ ലാപ്‌ടോപ്പിന്റെ ലൊക്കേഷന്‍ കണ്ടെത്താനുമാണ് അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കം.
Comments
No comments yet. Be the first to comment!
Leave a Comment