Thursday, July 23, 2026
Kerala News

ലൈംഗിക പീഡനക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലുമായി തിരുവല്ലയിലെ ഹോട്ടലില്‍ തെളിവെടുപ്പ്

ലൈംഗിക പീഡനക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലുമായി തിരുവല്ലയിലെ ഹോട്ടലില്‍ തെളിവെടുപ്പ്

പത്തനംതിട്ട: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതിനെത്തുടര്‍ന്ന് അന്വേഷണ സംഘം തെളിവെടുപ്പ് ഊര്‍ജ്ജിതമാക്കി. പത്തനംതിട്ട എആര്‍ ക്യാമ്പില്‍ പാര്‍പ്പിച്ചിരുന്ന രാഹുലിനെ ഇന്ന് രാവിലെ തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. യുവതിയുടെ പരാതിയില്‍ പരാമര്‍ശിക്കുന്ന പ്രധാന സംഭവങ്ങള്‍ നടന്ന സ്ഥലങ്ങളിലൊന്നാണ് ഈ ഹോട്ടല്‍.

തിരുവല്ലയിലെ ഹോട്ടലിന് പുറമെ, രാഹുലിന്റെ അടൂരിലെ വീട്, യുവതിയുടെ പരാതിയില്‍ പറയുന്ന ഫ്‌ലാറ്റ് ഇടപാട് നടന്ന പാലക്കാട് എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തും. കേസില്‍ നിര്‍ണ്ണായകമായ രാഹുലിന്റെ മൊബൈല്‍ ഫോണ്‍, ലാപ് ടോപ്പ് തുടങ്ങിയ ഡിജിറ്റല്‍ ഡിവൈസുകള്‍ കണ്ടെത്താനാണ് പൊലീസ് പ്രധാനമായും ശ്രമിക്കുന്നത്. ഇവയില്‍ നിന്ന് പരാതിക്കാരിയുമായുള്ള ആശയവിനിമയത്തിന്റെ രേഖകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

തിരുവല്ലയിലെ ഹോട്ടല്‍ ജീവനക്കാരില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കും. പത്തനംതിട്ട എആര്‍ ക്യാമ്പില്‍ വെച്ച് രണ്ടാം ദിവസമായ ഇന്നും രാഹുലിനെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്യുകയാണ്. തിരുവല്ല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. ഇതിനിടെ, രാഹുല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ഈ വെള്ളിയാഴ്ച (ജനുവരി 16) പരിഗണിക്കും. തനിക്കെതിരെയുള്ള മൂന്നാമത്തെ പരാതിയാണിതെന്നും, ഇത് കൃത്യമായ തെളിവുകളില്ലാത്ത വെറും കെട്ടിച്ചമച്ച കഥയാണെന്നുമാണ് പ്രതിഭാഗം കോടതിയില്‍ വാദിക്കുന്നത്.

എന്നാല്‍, സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ നടന്ന പാലക്കാട് അടക്കമുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കസ്റ്റഡി കാലാവധി തീരുന്നതോടെ കൂടുതല്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.


Related News

Comments

No comments yet. Be the first to comment!

Leave a Comment