തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണം വെളുപ്പിക്കലില്‍ ഇഡി ഇന്ന് കേസ് എടുക്കും . പിഎംഎല്‍എ നിയമപ്രകാരം കേസെടുക്കുന്നതോടെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും. ഉണ്ണികൃഷ്ണന്‍ പോറ്റി,ഗോവര്‍ധന്‍, പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ സാമ്പത്തിക ഇടപാടുകള്‍ ആകും ആദ്യഘട്ടത്തില്‍ പരിശോധന നടത്തുക.
അതേസമയം കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് സിംഗിള്‍ ബെഞ്ചിന്റെ പരിഗണനക്ക് വരുന്നത്.
സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നാണ് രണ്ട് പ്രതികളുടെയും വാദം. ഇത് എതിര്‍ത്ത് പ്രത്യേക അന്വേഷണസംഘം നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇരുവര്‍ക്കും എതിരെ തെളിവുകള്‍ ഉണ്ടെന്നും സ്വര്‍ണം മോഷ്ടിക്കാന്‍ വിശാല ഗൂഢാലോചന നടന്നുവെന്നും എസ്‌ഐടി കോടതിയെ അറിയിച്ചിട്ടുണ്ട്. ഗോവര്‍ധനും പങ്കജ് ഭണ്ഡാരിക്കും ഒപ്പം തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ഉണ്ണികൃഷ്ണന്‍ പോറ്റി ഗൂഢാലോചന നടത്തി എന്നും എസ് ഐ ടിയുടെ വ്യക്തമാക്കിയിരുന്നു.
കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി ജയശ്രീയെ അന്വേഷണസംഘം വൈകാതെ ചോദ്യം ചെയ്യും. അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി ജയശ്രീയോട് ചോദ്യം ചെയ്യലിനോട് സഹകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. ശബരിമലയിലെ സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലവും ഉടന്‍ ലഭിക്കും. ഈ പരിശോധനാഫലം ലഭിക്കുന്നതിലൂടെ ശബരിമലയില്‍ നിന്ന് എത്രത്തോളം സ്വര്‍ണം സംഘം തട്ടിയെടുത്തിട്ടുണ്ടെന്നതില്‍ വ്യക്തത വരും.
അതേസമയം അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രെറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വാദം കേള്‍ക്കും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണസംഘം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥനെന്ന നിലയില്‍ മേല്‍ത്തട്ടില്‍ നിന്നുള്ള നിര്‍ദേശാനുസരണം ഫയല്‍ നീക്കുക മാത്രമാണ് ചെയ്തതെന്ന് ശ്രീകുമാര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
Comments
No comments yet. Be the first to comment!
Leave a Comment