ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. ദ്വാരപാലക ശില്പങ്ങളില്‍ സ്വര്‍ണ്ണം പൂശിയതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ ഈ സുപ്രധാന വിധി. ഇതോടൊപ്പം സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു എന്നിവരുടെ റിമാന്‍ഡ് കാലാവധി കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി.
തങ്ങള്‍ക്കെതിരെയുള്ള രണ്ട് കേസുകളിലും ഇവര്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കോടതി ഇത് ഈ മാസം 14-ലേക്ക് മാറ്റിവെച്ചു. സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നിലെ ഗൂഢാലോചനയില്‍ പത്മകുമാറിന് കൃത്യമായ പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കേസിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ പത്മകുമാറിന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
തട്ടിപ്പ് നടത്തുന്നതിനായി മിനുട്‌സില്‍ പത്മകുമാര്‍ ബോധപൂര്‍വ്വം തിരുത്തലുകള്‍ വരുത്തിയതായും സ്വര്‍ണ്ണപ്പാളികള്‍ കൊടുത്തുവിടാന്‍ തന്ത്രി അനുമതി നല്‍കിയെന്ന ഇദ്ദേഹത്തിന്റെ വാദം നിലനില്‍ക്കില്ലെന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചു. നിലവില്‍ കേസില്‍ അറസ്റ്റിലായ ആര്‍ക്കും ജാമ്യം അനുവദിക്കേണ്ടതില്ലെന്ന കര്‍ക്കശമായ നിലപാടിലാണ് കോടതി.
അതേസമയം, കേസിലെ അതിനിര്‍ണ്ണായകമായ ശാസ്ത്രീയ പരിശോധനാഫലം നാളെ പുറത്തുവരും. ബെല്ലാരിയിലെ വ്യാപാരിയായ ഗോവര്‍ധനില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണ്ണം ശബരിമലയിലേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്ന പരിശോധനാഫലമാണിത്. ഇത് പോസിറ്റീവ് ആയാല്‍ കൊള്ളയടിക്കപ്പെട്ട സ്വര്‍ണ്ണം പൂര്‍ണ്ണമായും വീണ്ടെടുക്കുന്നതിനുള്ള അന്വേഷണസംഘത്തിന്റെ നടപടികള്‍ക്ക് വലിയ കരുത്താകും.
Comments
No comments yet. Be the first to comment!
Leave a Comment