Thursday, July 23, 2026
Kerala News

നിയമസഭാ തെരഞ്ഞെടുപ്പ്: സര്‍വേ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം

നിയമസഭാ തെരഞ്ഞെടുപ്പ്: സര്‍വേ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം


നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയം സര്‍വേ അടിസ്ഥാനത്തിലാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കനഗോലുവിന്റെ നേതൃത്വത്തില്‍ കര്‍ണാടക ആസ്ഥാനമായ ഒരു ഏജന്‍സി സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സര്‍വേ നടത്തി. വിജയസാധ്യത വിലയിരുത്തിയ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയിട്ടുണ്ട്. സര്‍വേ നടത്തിയ ഏജന്‍സി എല്ലാ ഡിസിസി പ്രസിഡന്റ്മാരെയും നേരില്‍ കണ്ടു അഭിപ്രായങ്ങള്‍ ശേഖരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ കോണ്‍ഗ്രസ് ഊര്‍ജ്ജിതമാക്കി. തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതിനായി കെപിസിസി നേതൃ ക്യാമ്പ് ഇന്ന് ആരംഭിക്കും. കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരടക്കം നേതാക്കള്‍ ക്യാമ്പില്‍ പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം വിശദമായി വിലയിരുത്തി പോരായ്മകള്‍ പരിഹരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും രണ്ട് ദിവസത്തെ ക്യാമ്പില്‍ നടക്കും.

ഇതിനിടെ, കേരളം ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് അടുത്ത അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സ്‌ക്രീനിങ് കമ്മിറ്റികളെ എഐസിസി നേതൃത്വം പ്രഖ്യാപിച്ചു. കേരളത്തിലെ സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാനായി മധുസൂദനന്‍ മിസ്രിയെ നിയമിച്ചു. ഡോ. സൈദ് നസീര്‍ ഹുസൈന്‍, നീരജ് ദാംഗി, അഭിഷേക് ദത്ത് എന്നിവര്‍ ഉള്‍പ്പെടെ നാല് അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്.

അസമിലെ സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചു. തമിഴ്‌നാട്-പുതുച്ചേരി തെരഞ്ഞെടുപ്പിനായി ടി.എസ്. സിംഗ് ദിയോയും പശ്ചിമ ബംഗാളില്‍ ബി.കെ. ഹരിപ്രസാദിനെയും ചെയര്‍മാന്മാരായി നിയമിച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്‍മാര്‍, പ്രതിപക്ഷ നേതാക്കള്‍, എഐസിസി സെക്രട്ടറിമാര്‍ എന്നിവര്‍ സ്‌ക്രീനിങ് കമ്മിറ്റികളിലെ എക്‌സ്ഒഫീഷ്യോ അംഗങ്ങളായിരിക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment