Thursday, July 23, 2026
Kerala News

ശബരിമല സ്വര്‍ണക്കൊള്ള: കൂടുതല്‍ സ്വര്‍ണം കവര്‍ന്നതായി എസ്ഐടി റിപ്പോര്‍ട്ട്

 ശബരിമല സ്വര്‍ണക്കൊള്ള: കൂടുതല്‍ സ്വര്‍ണം കവര്‍ന്നതായി എസ്ഐടി റിപ്പോര്‍ട്ട്


ശബരിമലയില്‍ കൂടുതല്‍ സ്വര്‍ണക്കൊള്ള നടന്നിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോര്‍ട്ട്. ശ്രീകോവില്‍ വാതിലിന്റെ കട്ടിളയുടെ മുകള്‍പ്പടിയില്‍ ഘടിപ്പിച്ചിരിക്കുന്ന ചെമ്പ് പാളികളിലും, കട്ടിളയ്ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ശിവരൂപം, വ്യാളിരൂപം എന്നിവ അടങ്ങിയ പ്രഭാമണ്ഡലത്തിലുമുള്ള സ്വര്‍ണം കവര്‍ന്നതായാണ് കണ്ടെത്തല്‍.

ശ്രീകോവില്‍ വാതിലിലെ കട്ടിളയില്‍ ഘടിപ്പിച്ച ദശാവതാരങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പ് പാളികളിലും, രാശി ചിഹ്നങ്ങള്‍ കൊത്തിയ രണ്ട് ചെമ്പ് പാളികളിലും, കട്ടിളപ്പാളികള്‍ക്ക് മുകളിലെ ശിവരൂപം ഉള്‍പ്പെടെ ആകെ ഏഴ് പാളികളിലെയും സ്വര്‍ണം നഷ്ടമായതായി അന്വേഷണ സംഘം വ്യക്തമാക്കുന്നു. കൊല്ലം വിജിലന്‍സ് കോടതിയില്‍ എസ്ഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പിലാണ് ഈ നിര്‍ണായക കണ്ടെത്തല്‍. 

കവര്‍ന്നെടുത്ത സ്വര്‍ണം ഒമ്പതാം പ്രതി പങ്കജ് ബാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ അമ്പത്തൂരിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തില്‍ രാസമിശ്രിതം ഉപയോഗിച്ച് വേര്‍തിരിച്ചെടുത്തതായും, ആ സ്വര്‍ണം പങ്കജ് ഭണ്ഡാരിയുടെയും കര്‍ണാടക ബെല്ലാരിയിലെ വ്യാപാരിയായ ഗോവര്‍ധന്റെയും കൈകളിലുണ്ടെന്നതിന് തെളിവുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടെ കേസിലെ പ്രതികളായ പങ്കജ് ഭണ്ഡാരിയുടെയും ഗോവര്‍ധന്റെയും റിമാന്‍ഡ് കാലാവധി കോടതി നീട്ടി. ജനുവരി 15 വരെയാണ് ഇരുവരെയും റിമാന്‍ഡ് ചെയ്തത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കോടതിയിലെ നടപടി.


Related News

Comments

No comments yet. Be the first to comment!

Leave a Comment