Thursday, July 23, 2026
Kerala News

താമരശ്ശേരിയില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം

താമരശ്ശേരിയില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം

താമരശ്ശേരി: പുതുവര്‍ഷ പുലരിയില്‍ താമരശ്ശേരി എലോക്കരയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. വ്യാഴാഴ്ച പുലര്‍ച്ചെമ മൂന്നരയോടെയാണ് സംഭവം. അപകടത്തില്‍ ഫാക്ടറിയുടെ പ്ലാന്റും ഓഫീസ് ഉള്‍പ്പെടുന്ന മൂന്ന് നില കെട്ടിടവും പൂര്‍ണ്ണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍.

എലോക്കരയിലെ പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റില്‍ നിന്നാണ് തീ പടര്‍ന്നത്. രാത്രിയില്‍ ഫാക്ടറി പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിലേക്ക് തീ വേഗത്തില്‍ പടരുകയായിരുന്നു. ഫാക്ടറി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു പിക്കപ്പ് വാനും പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്.

തീപിടുത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ നാട്ടുകാരും പോലീസും വിവരമറിയിച്ചതിനെ തുടര്‍ന്ന് മുക്കം, നരിക്കുനി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രാവിലെ ആറുമണിയോടെയാണ് തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയത്. പ്ലാസ്റ്റിക് മാലിന്യമായതിനാല്‍ തീ അണയ്ക്കാന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഏറെ ബുദ്ധിമുട്ടി.

ഫാക്ടറിയിലും ഓഫീസിലുമായി 75-ഓളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും അപകടസമയത്ത് ആരും ഉള്ളിലില്ലായിരുന്നു. തൊഴിലാളികള്‍ ഫാക്ടറിക്ക് പുറത്തുള്ള താമസസ്ഥലത്തായതിനാലാണ് വന്‍ ജീവഹാനി ഒഴിവായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.

തീപിടുത്തമുണ്ടായതിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പ്ലാസ്റ്റിക് കൂമ്പാരത്തിന് തീപിടിച്ചതാകാം അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതെന്ന് കരുതുന്നു. കൂടുതല്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തും.


Related News

Comments

No comments yet. Be the first to comment!

Leave a Comment