ഹരിയാനയിലെ ഫരീദാബാദില്‍ ഓടിക്കൊണ്ടിരുന്ന വാനിനുള്ളില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് അതിക്രൂരമായി റോഡിലേക്ക് വലിച്ചെറിഞ്ഞു. മുഖത്തും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ 25 കാരിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്ത് 12 തുന്നലുകള്‍ ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. അമ്മയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് അസ്വസ്ഥയാണെന്നും സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയാണെന്നും പറഞ്ഞ് യുവതി സഹോദരിയെ അറിയിച്ചാണ് വീട്ടില്‍ നിന്നിറങ്ങിയത്. അര്‍ധരാത്രിയോടെ വാഹനസൗകര്യം ലഭിക്കാതായപ്പോള്‍ പ്രതികള്‍ നല്‍കിയ ലിഫ്റ്റ് യുവതി സ്വീകരിക്കുകയായിരുന്നു.
സുരക്ഷിതമായി എത്തിക്കാമെന്ന് ഉറപ്പുനല്‍കി യുവതിയെ ഇക്കോ വാനിനുള്ളില്‍ കയറ്റിയ പ്രതികള്‍, ഗുരുഗ്രാം-ഫരീദാബാദ് റോഡില്‍ എത്തിയതോടെ വാനിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തു. ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ട അതിക്രമത്തിനൊടുവില്‍ ഓടിക്കൊണ്ടിരുന്ന വാനില്‍ നിന്ന് യുവതിയെ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.
പരിക്കേറ്റ നിലയില്‍ യുവതി സഹോദരിയെ വിവരം അറിയിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊട്വാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Comments
No comments yet. Be the first to comment!
Leave a Comment