ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി കോടതി നീട്ടി. ദ്വാരപാലക ശില്‍പ്പ കേസില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കോടതി 7-നാണ് വിധി പറയുക. അതേസമയം, ഉണ്ണികൃഷ്ണന്‍ പോറ്റി, ഗോവര്‍ദ്ധന്‍, ഭണ്ഡാരി എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കി.
ഇതിനിടെ, ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഗുരുതര വീഴ്ച സംഭവിച്ചതായി ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അതിരുവിട്ട് സഹായിക്കുന്നതിനായി എ പത്മകുമാറിന്റെ നേതൃത്വത്തില്‍ ദേവസ്വം മാന്വല്‍ തിരുത്തിയെന്നാണ് കണ്ടെത്തല്‍. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് മുന്‍ ബോര്‍ഡ് അംഗങ്ങളായ എന്‍ വിജയകുമാറും കെ പി ശങ്കരദാസും എ പത്മകുമാറിന് പിന്തുണ നല്‍കിയതെന്ന് എസ്‌ഐടി അറിയിച്ചു.
പാളികള്‍ പുതുക്കണമെന്ന ആവശ്യം ദേവസ്വം ബോര്‍ഡില്‍ ആദ്യം ഉന്നയിച്ചത് എ പത്മകുമാറാണെന്ന് എന്‍ വിജയകുമാര്‍ മൊഴി നല്‍കി. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി ഡി മണിയെയും സഹായികളായ ബാലമുരുകന്‍, ശ്രീകൃഷ്ണന്‍ എന്നിവരെയും ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും.
Comments
No comments yet. Be the first to comment!
Leave a Comment