മാവേലിക്കര: കേരളത്തെ നടുക്കിയ ചെങ്ങന്നൂര്‍ വിശാല്‍ വധക്കേസിലെ മുഴുവന്‍ പ്രതികളെയും മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പുറപ്പെടുവിച്ചത്.
മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.പി. പൂജയാണ് നിര്‍ണ്ണായക വിധി പ്രസ്താവിച്ചത്. കേസിലുണ്ടായിരുന്ന 19 പ്രതികളെയും (ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍) തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തരാക്കി. 2012 ജൂലൈ 16-നാണ് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ വെച്ച് എബിവിപി ചെങ്ങന്നൂര്‍ നഗര്‍ സമിതി പ്രസിഡന്റായിരുന്ന വിശാല്‍ ആക്രമിക്കപ്പെട്ടത്. കോളേജില്‍ പുതിയതായി എത്തിയ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നതിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ വിശാലിന് കുത്തേല്‍ക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിശാല്‍ മരണപ്പെട്ടത്.
കോടതി വിധി നിരാശാജനകമാണെന്നും വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. നീതിക്കായി പോരാട്ടം തുടരുമെന്ന് എബിവിപി നേതൃത്വവും വ്യക്തമാക്കി. ഈ കേസില്‍ സാക്ഷികളായ എസ്എഫ്ഐ, കെഎസ്യു പ്രവര്‍ത്തകര്‍ വിചാരണ വേളയില്‍ കൂറുമാറിയത് പ്രോസിക്യൂഷന് വലിയ തിരിച്ചടിയായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 13 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് പ്രതികളെല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടത് എന്ന പ്രത്യേകതയും ഈ വിധിക്കുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment