പാലക്കാട്: ചിറ്റൂര്‍ അമ്പാട്ടുപ്പാളയം എരുമങ്കോട് നിന്ന് കാണാതായ ആറ് വയസ്സുകാരന്‍ സുഹാന് വേണ്ടിയുള്ള തിരച്ചില്‍ രണ്ടാം ദിവസമായ ഇന്നും ഊര്‍ജിതമായി തുടരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്.
സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നത് സുഹാന്റെ സഹോദരനും മുത്തശ്ശിയും അമ്മയുടെ സഹോദരിയും മക്കളുമാണ്. സുഹാന്റെ അമ്മ നീലഗിരി പബ്ലിക് സ്‌കൂള്‍ അധ്യാപികയാണ്. സമീപത്തെ രണ്ട് വീടുകള്‍ അല്ലാതെ സുഹാന് മറ്റ് വീടുകള്‍ പരിചയം ഇല്ല. പ്രദേശത്ത് വ്യാപക പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. രാവിലെ എട്ടുമണിയോടെ കുട്ടിക്കായി തിരച്ചില്‍ പുനരാരംഭിക്കും. ടൗണ്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തും.
പോലീസ് ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ മണം പിടിച്ചെത്തിയത് വീടിന് സമീപത്തുള്ള കുളത്തിനരികിലേക്കാണ്. ഇതിനെത്തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെ കുളങ്ങളിലും സമീപത്തെ കിണറുകളിലും ഇന്നലെ തന്നെ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ കൂടുതല്‍ മുങ്ങല്‍ വിദഗ്ധരെ എത്തിച്ച് വെള്ളക്കെട്ടുകളില്‍ വീണ്ടും പരിശോധന നടത്താനാണ് തീരുമാനം.
പ്രദേശത്ത് സിസിടിവി ഇല്ലാത്തതും വെല്ലുവിളി ആകുന്നുണ്ട്. കുട്ടി പ്രദേശത്ത് തന്നെ മറ്റെവിടെയെങ്കിലും മയങ്ങിക്കിടക്കുകയോ വഴിയറിയാതെ അകപ്പെട്ടു പോവുകയോ ചെയ്തിട്ടുണ്ടോ എന്നതു അടക്കമുള്ള കാര്യങ്ങളും ഊര്‍ജിതമായി പരിശോധിക്കും.
Comments
No comments yet. Be the first to comment!
Leave a Comment