ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് സ്വര്‍ണവില പവന് ലക്ഷം രൂപ കടന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1,01,600 രൂപയായി. ഇന്നത്തെ മാത്രം വര്‍ധന 1,760 രൂപയാണ്. ഗ്രാമിന് 12,700 രൂപയാണ് നിലവിലെ വില.
ഈ വര്‍ഷം മാത്രം സ്വര്‍ണവിലയില്‍ 44,800 രൂപയുടെ വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രണ്ട് തവണയായി 1,440 രൂപയുടെ കുതിച്ചുയര്‍ച്ചയും ഉണ്ടായി. പണിക്കൂലിയും നികുതിയും ഉള്‍പ്പെടുത്തി നേരത്തേ തന്നെ വിപണിയില്‍ സ്വര്‍ണവില ഒരു ലക്ഷം കടന്നിരുന്നെങ്കിലും, അടിസ്ഥാന വിലയും ഇന്ന് ആ ചരിത്രനിലവാരത്തിലേക്ക് എത്തുകയായിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95,680 രൂപയായിരുന്നു. പിന്നീട് 9-ാം തീയതി 94,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയെങ്കിലും, അതിന് പിന്നാലെ വില തുടര്‍ച്ചയായി ഉയര്‍ന്നുവരികയായിരുന്നു.
ആഗോള ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി തുടരുന്നതാണ് വിലക്കുതിപ്പിന് പ്രധാന കാരണം. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളിലൊന്നായ ഇന്ത്യയില്‍ പ്രതിവര്‍ഷം ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യപ്പെടുന്നു. അതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടാകുന്ന ചെറിയ ചലനങ്ങള്‍ പോലും നേരിട്ട് രാജ്യത്തെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment