വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട റാം നാരായണ്‍ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കേസിന്റെ എല്ലാ വിശദാംശങ്ങളും സൂക്ഷ്മമായി പരിശോധിച്ച് ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തില്‍ സര്‍ക്കാര്‍ തലത്തില്‍ പരിശോധന നടത്തി ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. കേരളം പോലുള്ള പരിഷ്‌കൃത സമൂഹത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന ഇത്തരം ക്രൂര സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹം മുഴുവന്‍ ജാഗ്രത പുലര്‍ത്തണമെന്നും, നിയമവിരുദ്ധ പ്രവൃത്തികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
Comments
No comments yet. Be the first to comment!
Leave a Comment