Friday, July 24, 2026
Kerala News

ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവം; അരൂര്‍ എസ്എച്ച്ഒ കെ.ജി. പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി

ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവം; അരൂര്‍ എസ്എച്ച്ഒ കെ.ജി. പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി

കൊച്ചി: സ്റ്റേഷനില്‍ വെച്ച് ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ കുറ്റാരോപിതനായ അരൂര്‍ എസ്.എച്ച്.ഒ കെ.ജി. പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. എ.ഡി.ജി.പി എച്ച്. വെങ്കടേഷ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം അന്വേഷണ ഉദ്യോഗസ്ഥന് നല്‍കി. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം.

നേരത്തെ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ വെച്ച് ഷൈമോള്‍ എന്ന ഗര്‍ഭിണിയെ പ്രതാപചന്ദ്രന്‍ മര്‍ദിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഷൈമോളും ഭര്‍ത്താവ് ബെന്‍ജോ ബേബിയും നടത്തിയ ദീര്‍ഘകാലത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്. മര്‍ദനമേറ്റ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇവര്‍ക്കെതിരെ പോലീസ് കെട്ടിച്ചമച്ച നുണക്കഥകള്‍ പൊളിയുകയും പ്രതാപചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

മര്‍ദനം നടക്കുമ്പോള്‍ സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പോലീസുകാര്‍ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. കേസ് ഒത്തുതീര്‍പ്പാക്കില്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നുമാണ് ഷൈമോളും കുടുംബവും വ്യക്തമാക്കുന്നത്.

പ്രതാപചന്ദ്രനെതിരെ സമാനമായ മറ്റ് നിരവധി പരാതികളും ഉയരുന്നുണ്ട്. 2023-ല്‍ സ്വിഗ്ഗി ജീവനക്കാരനായിരുന്ന റിനീഷിനെ അനാവശ്യമായി മര്‍ദിച്ചതായും ആരോപണമുണ്ട്. കൂടാതെ, ഒരു നിയമ വിദ്യാര്‍ത്ഥിനിയോട് സ്റ്റേഷനില്‍ വെച്ച് മോശമായി പെരുമാറിയെന്ന പരാതിയും ഇയാള്‍ക്കെതിരെയുണ്ട്. മര്‍ദനമുറകളുടെ പേരില്‍ പോലീസിനിടയില്‍ മിന്നല്‍ പ്രതാപന്‍ എന്ന വിളിപ്പേര് പോലും ഇയാള്‍ക്കുണ്ടായിരുന്നു. നിലവില്‍ സസ്‌പെന്‍ഷനിലായ പ്രതാപചന്ദ്രനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത് പോലീസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.



Related News

Comments

No comments yet. Be the first to comment!

Leave a Comment