പണം കൊടുത്താണ് സ്വര്‍ണ്ണം വാങ്ങിയതെന്ന് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ഗോവര്‍ദ്ധന്‍. ഇതിനായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികള്‍ കൈമാറിയെന്നും മൊഴിനല്‍കിയിട്ടുണ്ട്. സ്വര്‍ണ്ണം വാങ്ങുന്നതിനായി മുന്‍കൂറായി (ഡെപ്പോസിറ്റ്) ഒന്നരക്കോടി രൂപ നല്‍കിയിരുന്നു. പണം കൈമാറിയതുമായി ബന്ധപ്പെട്ട രേഖകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെ ഇയാള്‍ ഹാജരാക്കിയിട്ടുണ്ട്. സ്വര്‍ണ്ണ വ്യാപാരിയായ ഗോവര്‍ദ്ധന്‍, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഉടന്‍ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ശബരിമലയില്‍ നിന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി കടത്തിക്കൊണ്ടുപോയ സ്വര്‍ണ്ണപ്പാളികള്‍ പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലാണ് വേര്‍തിരിച്ചതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. വേര്‍തിരിച്ചെടുത്ത സ്വര്‍ണ്ണം കല്‍പ്പേഷ് എന്ന ഇടനിലക്കാരന്‍ വഴിയാണ് ഗോവര്‍ദ്ധന് കൈമാറിയത്. ബെല്ലാരിയിലെ ഗോവര്‍ദ്ധന്റെ ജ്വല്ലറിയില്‍ നടത്തിയ പരിശോധനയില്‍ 800 ഗ്രാമിലധികം സ്വര്‍ണ്ണം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കേസിലെ അന്വേഷണം മന്ദഗതിയിലാണെന്ന ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് അന്വേഷണ സംഘം നടപടികള്‍ വേഗത്തിലാക്കിയത്. ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ എന്‍. വിജയകുമാര്‍, കെ.പി. ശങ്കര്‍ദാസ് എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പങ്കജ് ഭണ്ഡാരിക്ക് അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സ്മാര്‍ട്ട് ക്രിയേഷന്‍സിലെ പരിശോധനയില്‍ കണ്ടെത്തിയ രേഖകളിലെ പൊരുത്തക്കേടുകളും പ്രതികളുടെ മുന്‍പത്തെ വൈരുദ്ധ്യമുള്ള മൊഴികളുമാണ് ഇവരുടെ അറസ്റ്റിലേക്ക് വഴിതെളിച്ചത്.
Comments
No comments yet. Be the first to comment!
Leave a Comment