നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ, കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനും മാധ്യമങ്ങള്‍ക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി നടന്‍ ദിലീപ്. വിചാരണ വേളയില്‍ അടച്ചിട്ട കോടതി മുറിയില്‍ നടന്ന വാദങ്ങള്‍ അന്വേഷണ സംഘം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും ഇത് കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടി ദിലീപ് സമര്‍പ്പിച്ച ഹര്‍ജികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിച്ചു.
കോടതി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വിചാരണാ നടപടികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് ദിലീപിന്റെ പ്രധാന പരാതി. ഇത് തനിക്കും കുടുംബത്തിനും എതിരെ ജനവികാരം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള ബോധപൂര്‍വ്വമായ നീക്കമായിരുന്നുവെന്നും ദിലീപ് ആരോപിക്കുന്നു. തന്നെ 13 മണിക്കൂര്‍ ചോദ്യം ചെയ്തുവെന്ന് പോലീസ് പ്രചരിപ്പിച്ചത് കള്ളമാണെന്നും, ഒന്നര മണിക്കൂര്‍ മാത്രമാണ് കാര്യമായ ചോദ്യം ചെയ്യല്‍ നടന്നതെന്നും ദിലീപ് വ്യക്തമാക്കി. ബാക്കി സമയം ഉദ്യോഗസ്ഥര്‍ കുശലാന്വേഷണം നടത്തി ഇരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പോലീസിന് മൊഴി നല്‍കുന്നതിന് മുന്‍പ് ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയത് ചട്ടവിരുദ്ധമാണെന്നും, ഇത്തരമൊരു സാക്ഷി ഉണ്ടെങ്കില്‍ ആദ്യം കോടതിയെ അറിയിക്കുകയായിരുന്നു വേണ്ടതെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ദിലീപ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജികള്‍ കോടതി ജനുവരി 12-ലേക്ക് പരിഗണിക്കാന്‍ മാറ്റി വെച്ചു. ഹര്‍ജികളില്‍ വാദം കേട്ട ശേഷം കോടതിയലക്ഷ്യം നടന്നുവെന്ന് ബോധ്യപ്പെട്ടാല്‍ തുട നടപടികള്‍ക്കായി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ ഹര്‍ജികള്‍ ഹൈക്കോടതിക്ക് കൈമാറിയേക്കും.
നികേഷ് കുമാര്‍, ബൈജു പൗലോസ്, ബാലചന്ദ്രകുമാര്‍ എന്നിവര്‍ക്കെതിരെയും ചില മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയുമാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. വിചാരണാ നടപടികള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന ഉത്തരവ് ലംഘിച്ച മാധ്യമങ്ങള്‍ക്കെതിരെയും നടപടി വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം, കുറ്റവിമുക്തനായ ദിലീപിന്റെ പാസ്പോര്‍ട്ട് തിരിച്ചുനല്‍കാന്‍ കോടതി ഇന്ന് അനുമതി നല്‍കി. പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി വിദേശത്തേക്ക് പോകണമെന്ന ദിലീപിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി പാസ്പോര്‍ട്ട് വിട്ടുനല്‍കിയത്. പ്രൊസിക്യൂഷന്‍ ഇതിനെ എതിര്‍ത്തുവെങ്കിലും കോടതി ആവശ്യം അംഗീകരിക്കുകയായിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment