Friday, July 24, 2026
Kerala News

ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ ഉത്തരവ്

ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ ഉത്തരവ്


നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ നടന്‍ ദിലീപിന്റെ പാസ്പോര്‍ട്ട് തിരികെ നല്‍കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. പാസ്പോര്‍ട്ട് വിട്ടുകിട്ടണമെന്ന ദിലീപിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് യാത്ര ചെയ്യേണ്ടതുണ്ടെന്ന കാര്യം ദിലീപിന്റെ അഭിഭാഷകര്‍ കോടതിയെ ബോധ്യപ്പെടുത്തി.

കേസില്‍ നേരത്തെ അറസ്റ്റിലായി ജാമ്യം ലഭിച്ചപ്പോള്‍ വ്യവസ്ഥകളുടെ ഭാഗമായി ദിലീപ് പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പിന്നീട് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടി പലതവണ വിദേശയാത്രകള്‍ നടത്തിയിരുന്നുവെങ്കിലും,  പാസ്പോര്‍ട്ട് വീണ്ടും കോടതിയുടെ കസ്റ്റഡിയിലായിരുന്നു. കുറ്റവിമുക്തനായ ദിവസം തന്നെ പാസ്പോര്‍ട്ട് തിരികെ നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും, അപ്പീല്‍ പോകാനുള്ള സാധ്യത ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ എതിര്‍പ്പ് ഉയര്‍ത്തി. എന്നാല്‍ വിഷയം വീണ്ടും പരിഗണിച്ച കോടതി, ദിലീപ് കേസില്‍ കുറ്റവിമുക്തനായതോടെ ജാമ്യബോണ്ടുകള്‍ അവസാനിച്ചുവെന്നും അതിനാല്‍ പാസ്പോര്‍ട്ട് തിരികെ നല്‍കാവുന്നതാണെന്നും വ്യക്തമാക്കി.

അതേസമയം, വിധിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ അതിജീവിത എറണാകുളം പൊലീസില്‍ പരാതി നല്‍കി. കോടതി 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ച രണ്ടാം പ്രതി മാര്‍ട്ടിന്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയെന്നതാണ് പരാതിയിലെ പ്രധാന ആരോപണം. അധിക്ഷേപകരമായ വീഡിയോകള്‍ പ്രചരിപ്പിച്ച 16 ലിങ്കുകള്‍ പരാതിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment