Friday, July 24, 2026
Kerala News

മലപ്പുറത്ത് കാര്‍ യാത്രക്കാരനെ ആക്രമിച്ച് 2 കോടി കവര്‍ന്ന കേസ്: സൂത്രധാരനായ ജോലിക്കാരന്‍ പിടിയില്‍

മലപ്പുറത്ത് കാര്‍ യാത്രക്കാരനെ ആക്രമിച്ച് 2 കോടി കവര്‍ന്ന കേസ്: സൂത്രധാരനായ ജോലിക്കാരന്‍ പിടിയില്‍

മലപ്പുറം: തെന്നലയില്‍ പ്രവാസിയായ കാര്‍ യാത്രക്കാരനെ ആക്രമിച്ച് രണ്ട് കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യസൂത്രധാരന്‍ അറസ്റ്റിലായി. കൂരിയാട് സ്വദേശി ഏറിയാടന്‍ സാദിഖ് അലിയെയാണ് പോലീസ് പിടികൂടിയത്. പണം നഷ്ടപ്പെട്ട തെന്നല സ്വദേശി പറമ്പില്‍ മുഹമ്മദ് ഹനീഫയുടെ ജോലിക്കാരനാണ് അറസ്റ്റിലായ സാദിഖ് അലി.

കഴിഞ്ഞ ഓഗസ്റ്റ് 14-ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഹമ്മദ് ഹനീഫ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി നാലംഗ സംഘം ആക്രമിക്കുകയും വാഹനത്തിലുണ്ടായിരുന്ന രണ്ട് കോടി രൂപ കവരുകയുമായിരുന്നു. കവര്‍ച്ച നടത്തിയ ക്വട്ടേഷന്‍ സംഘത്തിന് സഞ്ചരിക്കാനായി കാര്‍ വാങ്ങി നല്‍കിയത് സാദിഖ് അലിയാണെന്ന് പോലീസ് കണ്ടെത്തി.

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ പോലീസ് ഗോവ വരെ എത്തിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് വെച്ച് നടത്തിയ പരിശോധനയില്‍ പരപ്പനങ്ങാടി സ്വദേശി രജീഷ്, തിരൂരങ്ങാടി സ്വദേശി കരീം എന്നിവരെയും പന്താരങ്ങാടി സ്വദേശിയായ മറ്റൊരാളെയും പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഇതൊരു ക്വട്ടേഷനാണെന്നും ഇതിന് പിന്നില്‍ ഹനീഫയുടെ വിശ്വസ്തനായ ജോലിക്കാരന്‍ സാദിഖ് അലിയാണെന്നും വ്യക്തമായത്.

തന്റെ മുതലാളിയുടെ പണമിടപാടുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന സാദിഖ്, ക്വട്ടേഷന്‍ സംഘത്തെ വാടകയ്‌ക്കെടുത്ത് കവര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്നു. ഒളിവിലായിരുന്ന ഇയാളെ പോലീസ് തന്ത്രപരമായാണ് വലയിലാക്കിയത്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment