Friday, July 24, 2026
Kerala News

കൊച്ചി മേയര്‍ സ്ഥാനത്ത് കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കം

 കൊച്ചി മേയര്‍ സ്ഥാനത്ത് കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കം


കൊച്ചി മേയര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനകത്ത് കടുത്ത പിടിവലി. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനെ മേയറാക്കുന്നത് തടയാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ നീക്കങ്ങള്‍ ആരംഭിച്ചതായാണ് സൂചന. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലെ ഭൂരിപക്ഷ പിന്തുണ കണക്കിലെടുത്ത് മാത്രമേ മേയറെ തീരുമാനിക്കാവൂ എന്ന ആവശ്യം കെപിസിസിക്ക് മുന്നില്‍ ഉന്നയിക്കാനാണ് ഇവരുടെ ശ്രമം.

ദീപ്തി മേരി വര്‍ഗീസ്, ഷൈനി മാത്യു, വി.കെ. മിനിമോള്‍ എന്നീ മൂന്ന് പേരില്‍ ഒരാളായിരിക്കും കൊച്ചിയുടെ പുതിയ മേയറെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഏകാഭിപ്രായമുണ്ടെങ്കിലും ആരാകും അന്തിമ തിരഞ്ഞെടുപ്പ് എന്നതില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറി എന്ന നിലയിലും സംഘടനാപരമായ അനുഭവം കണക്കിലെടുത്തും ദീപ്തിക്ക് തന്നെയാണ് ആദ്യ പരിഗണന. കെ.എസ്.യു കാലം മുതല്‍ പാര്‍ട്ടിയില്‍ സജീവമായ ദീപ്തിക്ക് മേയര്‍ സ്ഥാനം നല്‍കേണ്ടത് സ്വാഭാവിക നീതിയാണെന്ന വാദവും ശക്തമാണ്.

അതേസമയം, ജില്ലയിലെ ചില പ്രധാന നേതാക്കള്‍ ദീപ്തിയുടെ സ്ഥാനാരോഹണത്തിനെതിരെ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മിനിമോളിന്റെയും ഷൈനി മാത്യുവിന്റെയും പേരുകള്‍ ചര്‍ച്ചകളില്‍ സജീവമാകുന്നത്. ലത്തീന്‍ സമുദായത്തിന് സ്വാധീനമുള്ള നഗരമാണ് കൊച്ചി എന്ന വാദം മുന്നോട്ടുവച്ച് ഒരു വിഭാഗം നേതാക്കള്‍ ഇവരെ പിന്തുണയ്ക്കുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment