Friday, July 24, 2026
Kerala News

തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍: കരമന അജിത്തിന്റെ പേര് സജീവ ചര്‍ച്ചയില്‍

 തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍: കരമന അജിത്തിന്റെ പേര് സജീവ ചര്‍ച്ചയില്‍

തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് പുതിയൊരു പേര് സജീവമായി പരിഗണിച്ച് ബിജെപി നേതൃത്വം. കരമന വാര്‍ഡ് കൗണ്‍സിലറായ കരമന അജിത്തിന്റെ പേരാണ് മേയര്‍ സ്ഥാനത്തേക്ക് ഇപ്പോള്‍ ശക്തമായി ചര്‍ച്ചയാകുന്നത്. അജിത്തിനെ മേയറാക്കിയാല്‍ പൊതുസ്വീകാര്യത വര്‍ദ്ധിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

പൊതുസ്വീകാര്യതയും മുന്‍പരിചയവും: കോര്‍പറേഷന്‍ നടപടികളിലുള്ള മുന്‍പരിചയവും, ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയുമാണ് കരമന അജിത്തിന് മുന്‍തൂക്കം നല്‍കാനുള്ള പ്രധാന കാരണങ്ങള്‍. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍, നേമം മണ്ഡലത്തിലുള്‍പ്പെടുന്ന കരമനയിലെ കൗണ്‍സിലറെ മേയര്‍ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് പാര്‍ട്ടിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നും ഒരു വിഭാഗം കണക്കുകൂട്ടുന്നു.

ബിജെപി ഇതുവരെ മേയര്‍ സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണായകമാവുക. കൂടാതെ, ആര്‍.എസ്.എസിന്റെ അഭിപ്രായം കൂടി തേടിയ ശേഷം എത്രയും പെട്ടെന്ന് അന്തിമ തീരുമാനമെടുക്കാനാണ് നീക്കം.

അടുത്തിടെ ബെംഗളൂരുവിലേക്ക് പോയ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മടങ്ങിയെത്തിയ ശേഷം മേയറുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം. കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് കോര്‍പറേഷനില്‍ ഭരണം പിടിക്കാന്‍ രണ്ട് സ്വതന്ത്രന്‍മാരുടെ പിന്തുണ അനിവാര്യമാണ്. മികച്ച വിജയം നേടിയ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്കും ബിജെപി കടന്നിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment