ന്യൂഡല്‍ഹി: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസ്സി ഇന്ന് ഡല്‍ഹിയില്‍ എത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. രാവിലെ 10.45-ന് ഡല്‍ഹിയില്‍ എത്തുന്ന മെസ്സി, 50 മിനിറ്റ് നീളുന്ന മീറ്റ് ആന്‍ഡ് ഗ്രീറ്റ് സെഷനുശേഷം പ്രധാനമന്ത്രിയുമായി 20 മിനിറ്റോളം സമയം ചെലവഴിക്കുമെന്നാണ് വിവരം. പ്രഫുല്‍ പട്ടേല്‍ എം.പി.യുടെ വസതിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍, ഇന്ത്യയിലെ അര്‍ജന്റീന അംബാസഡര്‍ മരിയാനോ അഗസ്റ്റിന്‍ കൗസിനോ, ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി എന്നിവരുമായും അദ്ദേഹം സംവദിക്കും.
കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷമാണ് മെസ്സി ഡല്‍ഹിയില്‍ എത്തുന്നത്. ഇന്നലെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ കുട്ടികള്‍ക്കൊപ്പം പന്ത് തട്ടിയും ഷൂട്ടൗട്ടില്‍ പങ്കെടുത്തും മെസ്സി ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും വേദിയിലെത്തിയിരുന്നു. പ്രൊജക്റ്റ് മഹാദേവ എന്ന പേരില്‍ കുട്ടികള്‍ക്കുള്ള ഫുട്‌ബോള്‍ സഹായ പദ്ധതിയുടെ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് മെസ്സി ഇന്ത്യയില്‍ എത്തിയത്. ഇന്നത്തെ ഡല്‍ഹി സന്ദര്‍ശനത്തോടെ ഇന്ത്യയിലെ മെസ്സിയുടെ പര്യടനം അവസാനിക്കും. വൈകിട്ട് 3.30-ന് ഫിറോസ് ഷാ കോട്‌ലയില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുത്ത ശേഷമാകും അദ്ദേഹം മടങ്ങുക.
Comments
No comments yet. Be the first to comment!
Leave a Comment