Friday, July 24, 2026
Kerala News

ആര്യയെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ല: മന്ത്രി വി. ശിവന്‍കുട്ടി

 ആര്യയെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ല: മന്ത്രി വി. ശിവന്‍കുട്ടി


തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മേയര്‍ ആര്യ രാജേന്ദ്രനെതിരെ മുന്‍ കൗണ്‍സിലറായ ഗായത്രി ബാബു ഉന്നയിച്ച വിമര്‍ശനങ്ങള്‍ തള്ളി മന്ത്രി വി. ശിവന്‍കുട്ടി. ഗായത്രി ബാബുവിന്റെ പരാമര്‍ശങ്ങള്‍ വ്യക്തിപരമായ അഭിപ്രായമാണെന്നും, ആര്യയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പാര്‍ട്ടിക്ക് ഇതുവരെ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഗായത്രി നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ക്ഷേമപെന്‍ഷന്‍ വിഷയവുമായി ബന്ധപ്പെട്ട് എം.എം. മണി നടത്തിയ വിവാദ പരാമര്‍ശത്തെയും മന്ത്രി തള്ളിപ്പറഞ്ഞു. മണി തൊഴിലാളി നേതാവാണെന്നും അത്തരമൊരു പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നുവെന്നും ശിവന്‍കുട്ടി പറഞ്ഞു. പെന്‍ഷന്‍ വാങ്ങി ഭക്ഷണം കഴിച്ച ശേഷം ജനങ്ങള്‍ നന്ദികേട് കാണിച്ചുവെന്ന തരത്തിലുള്ള മണിയുടെ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേരിട്ട തിരിച്ചടിയെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. പ്രതീക്ഷിച്ച ഫലമല്ല ലഭിച്ചതെന്ന് സമ്മതിച്ച അദ്ദേഹം, എല്‍ഡിഎഫ് മികച്ച വിജയം അര്‍ഹിക്കുന്നതായിരുന്നുവെന്നും പറഞ്ഞു. ജനങ്ങളുടെ വിധിയെ മാനിക്കുന്നതായും, 2010ല്‍ ഇതിലും വലിയ തിരിച്ചടി നേരിട്ടിട്ടും പാര്‍ട്ടി തിരിച്ചുവന്നിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നിട്ടില്ലെന്നും, ആകെ വോട്ടില്‍ എല്‍ഡിഎഫിന് 1631 വോട്ടുകളുടെ മുന്‍തൂക്കം ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


Related News

Comments

No comments yet. Be the first to comment!

Leave a Comment