ക്ഷേമപെന്‍ഷന്‍ വാങ്ങി നന്നായി ശാപ്പാട് കഴിച്ചവര്‍ തങ്ങള്‍ക്ക് വോട്ട് ചെയ്തില്ലെന്ന തന്റെ വിവാദ പരാമര്‍ശം സിപിഐഎം നേതാവ് എം എം മണി തിരുത്തി. ഇന്നലെ താന്‍ പറഞ്ഞത് ആ സമയത്തെ വികാരത്തില്‍ സംഭവിച്ചുപോയതാണെന്നും, അത് വേണ്ടായിരുന്നുവെന്നും എം എം മണി മാധ്യമങ്ങളോട് പറഞ്ഞു.
വിവാദം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇത് അനുചിതമായ പരാമര്‍ശമായിപ്പോയെന്ന സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ നിലപാടാണ് ശരിയെന്നും, താനും ആ നിലപാടിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതാണ് തന്റെ പാര്‍ട്ടിയുടെ നിലപാടെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു.
മുന്‍പ് വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നടപ്പിലാക്കാന്‍ കൂട്ടാക്കാത്ത വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപെന്‍ഷന്‍ വിതരണവുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്ന് മണി പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് ഫലത്തോട് തനിക്ക് യോജിപ്പില്ലെന്നും, വിമര്‍ശനങ്ങളെ അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന പ്രതിപക്ഷത്തിന്റെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, അവര്‍ കൊടുക്കാത്തത് ഇടതുപക്ഷ സര്‍ക്കാര്‍ കൊടുക്കുമ്പോള്‍ ഉത്തരമില്ലാത്തതിനാലാണ് പ്രതിപക്ഷം ഇത്തരം വിവരക്കേടുകള്‍ പറയുന്നതെന്നും അദ്ദേഹം മറുപടി നല്‍കി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വഹിച്ച പങ്ക് വളരെ വലുതാണെന്നും എം എം മണി അഭിപ്രായപ്പെട്ടു.
Comments
No comments yet. Be the first to comment!
Leave a Comment