തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം വിശദമായി വിലയിരുത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) നേതൃയോഗം ചൊവ്വാഴ്ച ചേരും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു ട്രെയിലറായി രാഷ്ട്രീയ കേരളം വിലയിരുത്തിയ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം മുന്നണിക്ക് വലിയ നിരാശയാണ് നൽകിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി സിപിഐഎമ്മിന്റെയും സിപിഐയുടെയും നേതൃയോഗങ്ങൾ നാളെ ചേരുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗങ്ങളുമാണ് നടക്കുക.
കാൽനൂറ്റാണ്ടിലേറെയായി ഇടതു കോട്ടയായി ഉറച്ചുനിന്ന കൊല്ലം കോർപ്പറേഷൻ കൈവിട്ടുപോയത് എൽഡിഎഫിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കൊല്ലത്തെ കനത്ത തോൽവി ഗൗരവത്തോടെ പരിശോധിക്കാൻ മുന്നണി ഒരുങ്ങുകയാണ്. തോൽവി പഠിക്കുമെന്നും ജനങ്ങളെ കേൾക്കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ട്വന്റിഫോറിനോട് പ്രതികരിച്ചു.
ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് പതിവിലും കവിഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു എൽഡിഎഫ്. എന്നാൽ, ക്ഷേമപെൻഷനുകൾ കൊണ്ടുമാത്രം വിജയം നേടാമെന്ന അമിത ആത്മവിശ്വാസത്തിനാണ് ജനം തിരിച്ചടി നൽകിയതെന്നാണ് വിലയിരുത്തൽ. ശബരിമല സ്വർണ്ണക്കൊള്ളയുൾപ്പെടെയുള്ള വിഷയങ്ങളും എൽഡിഎഫിന്റെ തിരിച്ചടിക്ക് പ്രധാന കാരണമായതായും റിപ്പോർട്ടുകളുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment