ലോക ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസ്സി ഇന്ന് മുംബൈയില്‍. ഇന്ത്യ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനത്തിലാണ് മെസ്സി നഗരത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് അദ്ദേഹത്തിന്റെ ആദ്യ പൊതുപരിപാടി നിശ്ചയിച്ചിരിക്കുന്നത്. ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയില്‍ (CCI) നടക്കുന്ന പാഡല്‍ ടൂര്‍ണമെന്റില്‍ മെസ്സി പങ്കെടുക്കും. തുടര്‍ന്ന്, വൈകുന്നേരം അഞ്ചുമണിയോടെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന സെലിബ്രിറ്റി സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിലും അദ്ദേഹം പങ്കെടുക്കും. ഈ മത്സരത്തിന് പിന്നാലെ ഒരു ജീവകാരുണ്യ ഫാഷന്‍ ഷോയും നടക്കും.
ആരാധകരെ ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ തന്നെ വാങ്കഡെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങും. പരിപാടികള്‍ക്കുള്ള ടിക്കറ്റ് നിരക്ക് പതിനായിരം രൂപ മുതലാണ് ആരംഭിക്കുന്നത്. നേരത്തെ കൊല്‍ക്കത്തയില്‍ നടന്ന പരിപാടികള്‍ക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുംബൈയില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മെസ്സിയുടെ സുഹൃത്തും സ്‌പോര്‍ട്‌സ് പ്രൊമോട്ടറുമായ ശതാദ്രു ദത്തയാണ് ഗോട്ട് ടൂറിന്റെ സംഘാടകന്‍. ശനിയാഴ്ച കൊല്‍ക്കത്തയില്‍ ആരംഭിച്ച പര്യടനം തിങ്കളാഴ്ച ഡല്‍ഹിയില്‍ സമാപിക്കും.
Comments
No comments yet. Be the first to comment!
Leave a Comment