തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ റിട്ട. ഡിജിപിയും കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ ആര്‍. ശ്രീലേഖ വിജയം നേടി. ശാസ്തമംഗലം വാര്‍ഡില്‍ നിന്നുള്ള എന്‍ഡിഎ സ്ഥാനാര്‍ഥിയായ ശ്രീലേഖ, എല്‍ഡിഎഫ് സ്ഥാനാര്‍ഥി അമൃതയെ തോല്‍പ്പിച്ചാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പേരിനൊപ്പം ഐ.പി.എസ് ഉപയോഗിച്ചതിനെച്ചൊല്ലി ചട്ടലംഘന ആരോപണം ഉയര്‍ന്നതും, തെരഞ്ഞെടുപ്പ് ദിനം വ്യാജ സര്‍വേ ഫലം പ്രചരിപ്പിച്ചെന്ന ആരോപണവും ഉള്‍പ്പെടെ ശ്രീലേഖ വിവാദങ്ങളില്‍പ്പെട്ടിരുന്നു. എന്നിരുന്നാലും, ഈ വിവാദങ്ങള്‍ വോട്ടെടുപ്പില്‍ കാര്യമായ തിരിച്ചടിയുണ്ടാക്കിയില്ല.
അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷനിലെ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാര്‍ഡില്‍ എല്‍ഡിഎഫിന് അപ്രതീക്ഷിത തോല്‍വി നേരിട്ടു. എല്‍ഡിഎഫിന്റെ സ്റ്റാര്‍ സ്ഥാനാര്‍ഥിയും മുന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഐ.പി. ബിനുവാണ് പരാജയപ്പെട്ടത്. യുഡിഎഫ് സ്ഥാനാര്‍ഥി മേരി പുഷ്പം 657 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയം സ്വന്തമാക്കിയത്.
വന്‍ ശ്രദ്ധാകേന്ദ്രമായിരുന്ന കുന്നുകുഴി വാര്‍ഡില്‍, പ്രചാരണത്തിനായി പ്രമുഖ നേതാക്കള്‍ എത്തിയിരുന്നുവെങ്കിലും അത് വോട്ടായി മാറിയില്ല. ജനകീയനായ നേതാവായി വിലയിരുത്തപ്പെട്ട ബിനുവിന്റെ പരാജയം രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായി. കഴിഞ്ഞ തെരഞ്ഞെടുപ്പിലും മേരി പുഷ്പം തന്നെയാണ് ഈ വാര്‍ഡില്‍ വിജയിച്ചിരുന്നത്. ഇത്തവണ സീറ്റ് തിരിച്ചുപിടിക്കണമെന്ന എല്‍ഡിഎഫിന്റെ ശ്രമം ഫലിക്കാതെയായി.
Comments
No comments yet. Be the first to comment!
Leave a Comment