തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ ഒറ്റ സംഘത്തെ നിയോഗിച്ചു. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ നേരിട്ടുള്ള നിരീക്ഷണത്തില്‍ ക്രൈംബ്രാഞ്ച് സംഘമായിരിക്കും ഇനി കേസുകള്‍ അന്വേഷിക്കുക.
പോലീസ് മേധാവിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ എഐജി ജി. പൂങ്കുഴലിക്കാണ് രണ്ട് കേസുകളുടെയും അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത് വന്ന കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തിന്റെ കീഴിലേക്ക് ആദ്യ കേസും മാറ്റുകയായിരുന്നു.
ആദ്യ കേസിന്റെ അന്വേഷണം തിരുവനന്തപുരം സിറ്റി പോലീസിനായിരുന്നു. ഈ അന്വേഷണത്തില്‍ വിവരങ്ങള്‍ ചോര്‍ന്നതായും, ഒളിവിലായിരുന്ന രാഹുലിനെ കണ്ടെത്താന്‍ കഴിയാത്തതിലും പോലീസ് മേധാവിക്ക് അതൃപ്തിയുണ്ടായിരുന്നു. കൂടുതല്‍ പരാതികള്‍ ഉണ്ടായാല്‍ അന്വേഷണത്തിന്റെ രഹസ്യസ്വഭാവം ഉറപ്പാക്കുന്നതിനായാണ് നിലവില്‍ രണ്ട് കേസുകളുടെയും അന്വേഷണം ഒറ്റ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലേക്ക് (SIT) മാറ്റിയത്.
അതേസമയം, ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പരാതിക്കാരിയുടെ മൊഴി പരിഗണിച്ചില്ലെന്നും കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.
Comments
No comments yet. Be the first to comment!
Leave a Comment