തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ വടക്കന്‍ ജില്ലകളില്‍ മെച്ചപ്പെട്ട പോളിംഗ്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ ഉച്ചയ്ക്ക് ഒരു മണി വരെ അമ്പത് ശതമാനത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തി. മിക്ക പോളിംഗ് ബൂത്തുകളിലും രാവിലെ മുതല്‍ വലിയ തിരക്ക് അനുഭവപ്പെട്ടു.
ആദ്യ മണിക്കൂറുകളില്‍ പലയിടത്തും വോട്ടിങ് മെഷീനുകള്‍ തകരാറിലായെങ്കിലും ഉടന്‍ തന്നെ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായി പുരോഗമിക്കുമ്പോള്‍, ഒറ്റപ്പെട്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാസര്‍കോട് കുംബഡാജെയില്‍ എല്‍ഡിഎഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയുടെ വീടിന് സമീപം നാടന്‍ ബോംബ് കണ്ടെത്തിയത് ആശങ്കയുണ്ടാക്കി.
കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോളിംഗ് ഉദ്യോഗസ്ഥരെ മാറ്റി പകരം മറ്റൊരാളെ നിയമിച്ചു. കണ്ണൂര്‍ മോറാഴ സൗത്ത് എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ കെ.പി. സുധീഷ് എന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ വോട്ടെടുപ്പ് മാറ്റി. cലപ്പുറം കരുവാരക്കുണ്ട് 11-ാം വാര്‍ഡില്‍ വധു ജിന്‍ഷിദ വിവാഹ വേഷത്തില്‍ വോട്ട് ചെയ്യാനെത്തിയത് ശ്രദ്ധേയമായി.
പോളിംഗ് ദിനത്തിലും ശബരിമല സ്വര്‍ണ്ണക്കൊള്ള, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗിക പീഡന കേസ്, നടി ആക്രമിക്കപ്പെട്ട സംഭവം എന്നിവ ചര്‍ച്ചാവിഷയമായി. തിരഞ്ഞെടുപ്പില്‍ ഇടതുതരംഗമുണ്ടാകുമെന്നും തിളക്കമാര്‍ന്ന ജയം നേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കുമെന്നും പ്രതിപക്ഷ നേതാക്കള്‍ പ്രതികരിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment