ന്യൂഡല്‍ഹി: സവര്‍ക്കറുടെ പേരിലുള്ള പ്രഥമ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ഡോ. ശശി തരൂര്‍ എംപി നിലപാട് വ്യക്തമാക്കി. എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരത്തിനാണ് ശശി തരൂര്‍ എംപിയെ തിരഞ്ഞെടുത്തിരുന്നത്. ഇന്ന് ഡല്‍ഹിയിലെ എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ് പുരസ്‌കാരം സമ്മാനിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
പൊതുസേവനം, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയവര്‍ക്കാണ് എച്ച്ആര്‍ഡിഎസ് പുരസ്‌കാരം നല്‍കുന്നത്. ശശി തരൂര്‍ എംപിയെക്കൂടാതെ മറ്റ് അഞ്ച് പേര്‍ക്ക് കൂടി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിലൂന്നി പ്രവര്‍ത്തിച്ചിരുന്ന സവര്‍ക്കറുടെ പേരിലുള്ള പുരസ്‌കാരം ഒരു ആര്‍എസ്എസ് ബന്ധമുള്ള സംഘടന, കോണ്‍ഗ്രസ് നേതാവായ ശശി തരൂരിന് നല്‍കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായ അതൃപ്തി അറിയിച്ചിരുന്നു. ഒരു കോണ്‍ഗ്രസുകാരനും സവര്‍ക്കര്‍ പുരസ്‌കാരം വാങ്ങാന്‍ പാടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് രക്തം സിരകളിലൂടെ ഒഴുകുന്നവര്‍ക്ക് ഈ പുരസ്‌കാരം സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താനും പ്രതികരിച്ചു.
ഇതിനിടെ, തരൂരിന് എതിരെ ഒരു വാക്ക് പറയാനോ നടപടി എടുക്കാനോ കഴിയില്ലെന്ന് പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. സെമിനാറില്‍ പങ്കെടുത്തതിനാണ് കെ.വി. തോമസിനെതിരെ നടപടി എടുത്തതെന്നും തരൂര്‍ ഇഎംഎസ്സിന്റെ പേരിലുള്ള പുരസ്‌കാരം ആണ് വാങ്ങിയിരുന്നതെങ്കില്‍ ഉടന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായേനെ എന്നും റിയാസ് പറഞ്ഞു.
പുരസ്‌കാരം സ്വീകരിക്കില്ലെന്ന് നിലപാട് വ്യക്തമാക്കിയ ശശി തരൂര്‍ എംപി ബംഗാളില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായാണ് വിവരം. ലോക്‌സഭയില്‍ എത്തി ഒപ്പിട്ട ശേഷം അദ്ദേഹം ഉടന്‍ മടങ്ങുകയായിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment