Friday, July 24, 2026
Kerala News

വടക്കന്‍ കേരളം നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

വടക്കന്‍ കേരളം നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വടക്കന്‍ കേരളത്തിലെ ഏഴ് ജില്ലകള്‍ നാളെ പോളിങ് ബൂത്തിലേക്ക്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ഡിസംബര്‍ 11-ന് വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും.

ഇന്നലെ നടന്ന കൊട്ടിക്കലാശത്തിനിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ജില്ലകളില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഏഴ് ജില്ലകളിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ഇന്ന് രാവിലെ എട്ട് മണി മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

അതേസമയം, ആദ്യഘട്ട വോട്ടെടുപ്പ് നടന്ന തെക്കന്‍ ജില്ലകളിലെ പാര്‍ട്ടി നേതാക്കള്‍ പോളിങ് വിലയിരുത്തുന്ന തിരക്കിലാണ്. ഉയര്‍ന്ന പോളിങ് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് എല്ലാ രാഷ്ട്രീയ മുന്നണികളുടെയും വിലയിരുത്തല്‍. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ വിജയം നേടാമെന്നാണ് എല്‍ഡിഎഫും യുഡിഎഫും കണക്കുകൂട്ടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള റിഹേഴ്‌സലാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പ് എന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ.

ശബരിമല സ്വര്‍ണ്ണക്കൊള്ളയും സര്‍ക്കാര്‍ വിരുദ്ധ വികാരവും കോണ്‍ഗ്രസിന് അനുകൂലമാകുമെന്നാണ് യുഡിഎഫ് നേതാക്കളുടെ പ്രതീക്ഷ. എല്‍ഡിഎഫിനെതിരെ ബിജെപിയും ഇതേ വിഷയം പ്രചാരണ ആയുധമാക്കി. എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസ് ഉയര്‍ത്തി എല്‍ഡിഎഫും പ്രതിരോധിച്ചിരുന്നു. വിവാദങ്ങളും വിമര്‍ശനങ്ങളും ആര്‍ക്ക് അനുകൂലമാകുമെന്ന് ശനിയാഴ്ച തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ വ്യക്തമാകും.


Related News

Comments

No comments yet. Be the first to comment!

Leave a Comment