തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളില്‍ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് പുരോഗമിക്കുന്നു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള തെക്കന്‍ ജില്ലകളാണ് ആദ്യഘട്ടത്തില്‍ പോളിങ്ങ് ബൂത്തിലെത്തുന്നത്. ദക്ഷിണ കേരളത്തിലെ 7 ജില്ലകളിലെ 1.32 കോടിയിലധികം വോട്ടര്‍മാര്‍ ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും.
ദക്ഷിണ കേരളത്തിലെ 471 ഗ്രാമപഞ്ചായത്തുകള്‍ 75 ബ്ളോക്ക് പഞ്ചായത്തുകള്‍ ,39 മുന്‍സിപ്പാലിറ്റികള്‍ 7 ജില്ലാ പഞ്ചായത്തുകള്‍, 3 കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ 11168 വാര്‍ഡുകളിലെ വോട്ടര്‍മാരാണ് ഇന്ന് പോളിങ്ങ് ബൂത്തിലെത്തുന്നത്. ഒന്നാം ഘട്ട വോട്ടെടുപ്പിനായി 15432 പോളിങ്ങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 1,32,83,789 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതില്‍ 62,51,219 പുരുഷന്മാരും 70,32,444 സ്ത്രീകളും 126 ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടുന്നു.
രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. പോളിങ്ങ് നടപടികള്‍ സുഗമമാക്കുന്നതിനായി വോട്ടിങ്ങ് യന്ത്രങ്ങളടക്കമുള്ള സാമഗ്രികളുമായി പോളിങ്ങ് ഉദ്യോഗസ്ഥര്‍ ബൂത്തുകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ 480 പ്രശ്നബാധിത ബൂത്തുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ബൂത്തുകളില്‍ അധിക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പ്രശ്നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ്ങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പ്രശ്നസാധ്യതയുള്ള ബൂത്തുകളില്‍ ഏറ്റവും കൂടുതല്‍ സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലാണ്. ജില്ലയിലെ 186 ബൂത്തുകളിലാണ് പ്രശ്നസാധ്യതയുള്ളതായി അധികൃതര്‍ കണ്ടെത്തിയിട്ടുള്ളത്.
Comments
No comments yet. Be the first to comment!
Leave a Comment