കൊച്ചി: രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോ നേരിടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ വലഞ്ഞ് നൂറുകണക്കിന് യാത്രക്കാര്‍. ഇന്നലെ മാത്രം 550-ല്‍ അധികം സര്‍വീസുകള്‍ റദ്ദാക്കിയതോടെ വിവിധ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. വിഷയം കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി എടുക്കുകയും, വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡു ഇന്‍ഡിഗോ മേധാവികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കമ്പനിയുടെ 20 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. പൈലറ്റുമാര്‍ക്കുള്ള പുതിയ ഫ്ളൈറ്റ് ഡ്യൂട്ടി സമയ പരിധി (FDTL) മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയതില്‍ സംഭവിച്ച പിഴവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ഇന്‍ഡിഗോ ഡി.ജി.സി.എയെ അറിയിച്ചു.
പ്രതിസന്ധി രൂക്ഷമായതോടെ, കമ്പനിയുടെ പ്രവര്‍ത്തനരീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഉപഭോക്താക്കളോടും പങ്കാളികളോടും ഹൃദയംഗമമായ ക്ഷമാപണം നടത്തിയ ഇന്‍ഡിഗോ, ആഘാതം കുറയ്ക്കുന്നതിനും സാധാരണ നില പുനഃസ്ഥാപിക്കുന്നതിനും ശ്രമം തുടരുകയാണെന്നും അറിയിച്ചു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം (MOCA), ഡി.ജി.സി.എ (DGCA), ബി.സി.എ.എസ് (BCAS), എ.എ.ഐ (AAI) എന്നിവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.
ഇന്‍ഡിഗോയുടെ സര്‍വീസ് റദ്ദാക്കലുകള്‍ മൂലം കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നിരവധി യാത്രക്കാര്‍ ദുരിതത്തിലായി. ഗുവാഹത്തി വിമാനത്താവളത്തില്‍ 24 മണിക്കൂറിലധികമായി നാല്‍പതോളം മലയാളികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇന്നലെ രാവിലെ ആറ് മണിക്ക് പുറപ്പെടേണ്ട വിമാനമാണ് ഇനിയും യാത്ര തിരിക്കാത്തത്. രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ മണിക്കൂറുകളായി വിമാനത്താവളത്തില്‍ ദുരിതത്തിലാണ്.
തിരുവനന്തപുരത്തുനിന്നും ഷാര്‍ജയിലേക്ക് പുലര്‍ച്ചെ 01.05ന് പുറപ്പെടേണ്ട വിമാനം അനിശ്ചിതമായി വൈകുകയാണ്. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന കാര്യത്തില്‍ യാത്രക്കാര്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ എയര്‍ലൈന്‍സ് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഇന്‍ഡിഗോ നല്‍കുന്ന സൂചനകള്‍ അനുസരിച്ച്, അടുത്ത മൂന്ന് ദിവസങ്ങളിലും കൂടുതല്‍ സര്‍വീസുകളെ ഈ പ്രതിസന്ധി ബാധിക്കാന്‍ സാധ്യതയുണ്ട്. ഡിസംബര്‍ എട്ടിനു ശേഷം സര്‍വീസുകളുടെ എണ്ണം കുറയ്ക്കുമെന്ന് ഇന്‍ഡിഗോ ഡി.ജി.സി.എയെ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 10-ഓടെ മാത്രമേ സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലേക്ക് എത്തൂ എന്നും കമ്പനി വ്യക്തമാക്കി.
കൂടാതെ, ഫെബ്രുവരി 10 വരെ പൈലറ്റുമാര്‍ക്കുള്ള പുതിയ FDTL മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കണമെന്ന് ഇന്‍ഡിഗോ ഡി.ജി.സി.എയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇളവുകള്‍ അവലോകനത്തിനായി സമര്‍പ്പിക്കാന്‍ ഡി.ജി.സി.എ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment