Friday, July 24, 2026
Kerala News

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണം കടത്തിയ കേസിനു പിന്നാലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം കടത്തിയ കേസിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍. ഈ മാസം 18 വരെയാണ് കൊല്ലം വിജിലന്‍സ് കോടതി അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തത്. ഡിസംബര്‍ 8-ന് പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.

കട്ടിളപ്പാളിയിലെ സ്വര്‍ണം കടത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് പത്മകുമാറിനെ ജയിലിലെത്തിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ഡിസംബര്‍ 2-ന് ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം കടത്തിയ കേസില്‍ അന്വേഷണ സംഘം പത്മകുമാറിനെ പ്രതിചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം കടത്തിയത് പത്മകുമാറിന്റെ അറിവോടെയാണെന്നതിന് എസ്.ഐ.ടി.ക്ക് തെളിവുകള്‍ ലഭിച്ചു. കൂടാതെ, കേസില്‍ ആരോപണവിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പത്മകുമാറിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.

എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. രണ്ടാമത്തെ കേസില്‍ കൂടി പ്രതിചേര്‍ത്ത സാഹചര്യത്തില്‍ പത്മകുമാറിനെ എസ്.ഐ.ടി. വീണ്ടും വിശദമായി ചോദ്യം ചെയ്യും. ഇതിനായി ഉടന്‍ തന്നെ കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.



Related News

Comments

No comments yet. Be the first to comment!

Leave a Comment