തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവും എം.എല്‍.എ.യുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡനക്കേസില്‍ രണ്ടാമത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മാത്രമാണ് പ്രതി. ക്രൂരമായ ലൈംഗിക പീഡനം നടന്നെന്നും യുവതിക്ക് ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും എഫ്ഐആറില്‍ പറയുന്നു
വിവാഹ വാഗ്ദാനം നല്‍കിയാണ് രാഹുല്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. എഫ്ഐആര്‍ പ്രകാരം, യുവതിയെ രാഹുലിന്റെ സന്തത സഹചാരിയായ ഫെനി നൈനാനാണ് കൊണ്ടുവിട്ടതെന്നും പറയുന്നുണ്ടെങ്കിലും കേസില്‍ ഫെനിയെ പ്രതി ചേര്‍ത്തിട്ടില്ല. കേസിന്റെ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) നടപടികള്‍ ആരംഭിച്ചു.
അതേസമയം, ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ഇന്നും വാദം തുടരും. ഇന്നലെ കേസ് പരിഗണിച്ച കോടതി, തുടര്‍വാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കേസ് മാറ്റിവെച്ചത്. ഇന്നലെ കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ രാഹുലിനെതിരെ ഗുരുതരമായ പരാമര്‍ശങ്ങളാണ് ഉള്ളത്. രാഹുലിന്റെ അഭിഭാഷകന്‍ സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിച്ച രേഖകളും കോടതി ഇന്നലെ പരിശോധിച്ചിരുന്നു. അടച്ചിട്ട കോടതി മുറിയില്‍ ഒന്നര മണിക്കൂറിലധികം നേരമാണ് ജാമ്യാപേക്ഷയില്‍ വാദം നടന്നത്. തുടര്‍വാദങ്ങള്‍ക്ക് ശേഷം ഇന്ന് വിധി പറഞ്ഞേക്കുമെന്നാണ് പ്രതീക്ഷ.
Comments
No comments yet. Be the first to comment!
Leave a Comment