Friday, July 24, 2026
Kerala News

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും.തുടര്‍വാദത്തിന് ശേഷം തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറഞ്ഞേക്കും. ഇന്നലെ കേസ് പരിഗണിച്ച കോടതി തുടര്‍വാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

രാഹുലിനെതിരെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം. യുവതിയെ ബലാത്സംഗം ചെയ്തതിനും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിനും ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ഉണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുത്തിട്ടുണ്ട്. യുവതിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നും ബലാത്സംഗം ചെയ്യുകയോ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് രാഹുലിന്റെ ആവശ്യം.

രാഹുലിനെതിരെ പരാതി നല്‍കിയ 23 വയസ്സുകാരിയുടെ മൊഴി പോലീസ് ഉടന്‍ രേഖപ്പെടുത്തും. ഇതിനായി അന്വേഷണസംഘം യുവതിയെ വൈകാതെ കാണും. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും തുടര്‍നടപടികളുമായി മുന്നോട്ട് പോകുക. യുവതി കെ.പി.സി.സി. പ്രസിഡന്റിന് നല്‍കിയ പരാതി ഡി.ജി.പിക്ക് കൈമാറിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അതിനിടെ, ഇതേ കേസിന്റെ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ പോലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നിലവില്‍ നിരാഹാര സമരത്തിലുള്ള രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ ജില്ലാ കോടതി അടുത്ത ദിവസമാണ് പരിഗണിക്കുക.







Related News

Comments

No comments yet. Be the first to comment!

Leave a Comment