തിരുവനന്തപുരം: രാജ്യത്തിന്റെ ഇരുപതാം നാവികസേനാ ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് തിരുവനന്തപുരത്തെത്തും. വൈകുന്നേരം 4:20-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന രാഷ്ട്രപതിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരണം ഒരുക്കും. തുടര്‍ന്ന് ശംഖുമുഖം ബീച്ചില്‍ നടക്കുന്ന നേവി ഡേ ആഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് നാവിക സേനയുടെ അഭ്യാസ പ്രകടനങ്ങള്‍ വീക്ഷിക്കും.
നാവിക സേന തയാറാക്കിയ രണ്ട് ടെലിഫിലിമുകള്‍ രാഷ്ട്രപതിക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും. ചടങ്ങുകള്‍ക്ക് ശേഷം രാഷ്ട്രപതി ലോക് ഭവനിലെത്തിച്ചേരും. ഡിസംബര്‍ 4-ന് രാവിലെ 9.45-ന് രാഷ്ട്രപതി ഡല്‍ഹിക്ക് മടങ്ങും. നാവികസേനാ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ശംഖുമുഖം ബീച്ചില്‍ പൂര്‍ത്തിയായി. രാഷ്ട്രപതി മുഖ്യാതിഥിയായി എത്തുന്ന ആഘോഷ പരിപാടികള്‍ക്ക് മുന്നോടിയായി ശംഖുമുഖം ബീച്ചില്‍ നടന്ന ഫുള്‍ ഡ്രസ്സ് റിഹേഴ്‌സല്‍ കാണാന്‍ നിരവധിയാളുകളാണ് എത്തിച്ചേര്‍ന്നത്.
നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് കെ ത്രിപാഠിയുടെ മേല്‍നോട്ടത്തിലാണ് ഫുള്‍ ഡ്രസ് റിഹേഴ്‌സല്‍ നടന്നത്. ഇന്ത്യയുടെ പോര്‍ക്കപ്പലുകളായ ഐഎന്‍എസ് ഇംഫാല്‍, ഐഎന്‍എസ് ഉദയഗിരി, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കമാല്‍, പായ്ക്കപ്പലുകളായ തരംഗിണിയും സുദര്‍ശിനിയും, മിസൈല്‍ കില്ലര്‍ ബോട്ടുകള്‍, അന്തര്‍വാഹിനി എന്നിവ ചേര്‍ന്ന് തീരക്കടലില്‍ വിസ്മയ കാഴ്ചയൊരുക്കി. ഇന്ത്യന്‍ നാവികസേനയുടെ കടല്‍ കരുത്തില്‍ നിര്‍ണായക സ്ഥാനമുള്ള ഡിസ്‌ട്രോയര്‍ യുദ്ധക്കപ്പലുകളായിരുന്നു റിഹേഴ്‌സലിലെ മുഖ്യ ആകര്‍ഷണം.
വിമാനവാഹിനിയായ ഐഎന്‍എസ് വിക്രാന്തില്‍ നിന്നുള്ള മിഗ് വിമാനങ്ങളുടെ ടേക്ക് ഓഫ്, ഹെലികോപ്റ്ററില്‍നിന്നുള്ള എയര്‍ ലിഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ് എന്നിവയുള്‍പ്പെടെയുള്ള അഭ്യാസ പ്രകടനങ്ങള്‍ സേനയുടെ ഉള്‍ക്കരുത്തിന്റെയും നീക്കങ്ങളിലെ കൃത്യതയുടേയും മികവ് എടുത്തുകാട്ടി. സീ കേഡറ്റ് അവതരിപ്പിച്ച ഹോണ്‍ ആന്‍ഡ് പൈപ് ഡാന്‍സും ശ്രദ്ധേയമായി. എല്ലാ പോര്‍ക്കപ്പലുകളും തീരക്കടലില്‍ ദീപാലങ്കൃതമായി അണിനിരന്നതോടെയാണ് റിഹേഴ്‌സല്‍ സമാപിച്ചത്. ഈ സൈനിക കരുത്ത് ഇന്ന് രാഷ്ട്രപതിയ്ക്ക് മുന്നില്‍ ഔദ്യോഗികമായി പ്രദര്‍ശിപ്പിക്കും.
Comments
No comments yet. Be the first to comment!
Leave a Comment