തിരുവനന്തപുരം: മസാല ബോണ്ടുമായി ബന്ധപ്പെട്ട ഇഡി നോട്ടീസിനെതിരെ ശക്തമായ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഓരോ തെരഞ്ഞെടുപ്പിനും മുമ്പായി ഇഡി നോട്ടീസ് അയക്കുന്നത് സിപിഐഎമ്മിനെ സഹായിക്കാന്‍ വേണ്ടിയാണെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇഡിയും നോട്ടീസുകളും അപ്രത്യക്ഷമാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നില്‍ സിപിഐഎം-ബിജെപി കൂടിച്ചേരല്‍ പ്രവര്‍ത്തിക്കുന്നതായി ചെന്നിത്തല പറഞ്ഞു.
മസാല ബോണ്ടില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ കുറ്റക്കാരെ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം ഉടന്‍ മന്ത്രിമാരിലേക്കെത്തുമെന്നും മുന്‍ പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
ഇതിനിടെ, ഇഡി നോട്ടീസിനെ കുറിച്ച് വിശദീകരണവുമായി കിഫ്ബി സിഇഒ ഡോ. കെ.എം. അബ്രഹാം പ്രതികരിച്ചു. ഫെമ ചട്ടം ലംഘിച്ചിട്ടില്ലെന്നും ഇഡി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. മസാല ബോണ്ട് വിനിയോഗത്തില്‍ ക്രമക്കേടില്ലെന്നും ആര്‍ബിഐയുടെ എല്ലാ നിര്‍ദേശങ്ങളും കൃത്യമായി പാലിച്ചതായും സിഇഒ വ്യക്തമാക്കി. ഏത് രീതിയിലുള്ള പരിശോധനയ്ക്കും തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഇഡി നടപടി പൂര്‍ണമായും രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നുമാണ് കിഫ്ബിയുടെ ആരോപണം. തെരഞ്ഞെടുപ്പ് സമയത്താണ് നോട്ടീസുകള്‍ അയക്കുന്നതെന്നും, 2021-ലെ നിയമസഭാ, 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്കും, 2025-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പും നോട്ടീസുകള്‍ വന്നിട്ടുണ്ടെന്നും കിഫ്ബി ചൂണ്ടിക്കാട്ടി. നോട്ടീസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി സര്‍ക്കാരിനെതിരായി പ്രചാരണം സൃഷ്ടിക്കാനാണ് ശ്രമമെന്നും കിഫ്ബി ആരോപിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment