Friday, July 24, 2026
Kerala News

ഇവരൊക്കെ സമൂഹത്തിന് ശാപമാണ്; രാഹുല്‍ ഈശ്വറിനെതിരെ കെ മുരളീധരന്‍

ഇവരൊക്കെ സമൂഹത്തിന് ശാപമാണ്; രാഹുല്‍ ഈശ്വറിനെതിരെ കെ മുരളീധരന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ യുവതിയെ സൈബറിടത്തില്‍ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പൊലീസ് ചെയ്തത് ശരിയായ നടപടിയാണെന്നും ഇത്തരം ആളുകള്‍ സമൂഹത്തിന് ശാപമാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

പോലീസ് ചെയ്തത് തികച്ചും ശരിയായ നടപടിയാണ്. ഇത്തരം ആളുകള്‍ നമ്മുടെ സമൂഹത്തിന് ഒരു ശാപമാണ്, മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത്തരം വൃത്തികെട്ട പ്രസ്താവനകളുമായി ചിലര്‍ ഇറങ്ങിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളുടെ സല്‍പ്പേര് കളയുന്നത് ഇങ്ങനെയുള്ളവരാണ്. ഇയാളെ അറസ്റ്റ് ചെയ്തത് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരല്ല, നടപടി നല്ലതാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരക്കാരുമായി കോണ്‍ഗ്രസിന് ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക്  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നോട്ടീസ് അയച്ചതിനെയും മുരളീധരന്‍ വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും കൊണ്ട് ബിജെപി അനുകൂല നിലപാട് എടുപ്പിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യമെന്നാണ് മുരളീധരന്റെ ആരോപണം.

മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കുള്ള ഇ.ഡി. ഭീഷണി ഏതായാലും കേരളത്തിലെ മുഖ്യമന്ത്രിക്കില്ല. ഇടയ്ക്ക് ഇങ്ങനെയുള്ള നോട്ടീസ് അയച്ച് പേടിപ്പിക്കും. പിന്നീട് അത് കെട്ടുപോകും എന്നതാണ് അനുഭവം,അദ്ദേഹം പറഞ്ഞു. ഇതെല്ലാം മറച്ചുവെക്കാനാണ് ചിലര്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം കോര്‍പ്പറേഷന്റെ വികസന രേഖ പ്രധാനമന്ത്രി അവതരിപ്പിക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയെ മുരളീധരന്‍ പരിഹസിച്ചു. കോര്‍പ്പറേഷന്‍ വികസനരേഖ അവതരിപ്പിക്കലാണോ പ്രധാനമന്ത്രിയുടെ ജോലി? അദ്ദേഹത്തിന് മറ്റ് ധാരാളം പണി കാണില്ലേ? എന്ന് മുരളീധരന്‍ ചോദിച്ചു. കോര്‍പ്പറേഷനില്‍ ബിജെപി മുഖ്യപ്രതിപക്ഷം പോലും ആകാന്‍ പോകുന്നില്ലെന്നും അതിനാല്‍ ഈ വിഷയങ്ങളൊന്നും പ്രസക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment