Friday, July 24, 2026
India News

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ മരണം 100 കടന്നു; തമിഴ്‌നാട് തീരത്ത് റെഡ് അലേര്‍ട്ട്

ഡിറ്റ് വാ ചുഴലിക്കാറ്റ്:  ശ്രീലങ്കയില്‍ മരണം 100 കടന്നു; തമിഴ്‌നാട് തീരത്ത് റെഡ് അലേര്‍ട്ട്


ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഡിറ്റ് വാ ചുഴലിക്കാറ്റ് ശ്രീലങ്കയിലും തമിഴ്‌നാട്ടിലും കനത്ത നാശം വിതയ്ക്കുന്നു. ശ്രീലങ്കയില്‍ ചുഴലിക്കാറ്റിലും മഴക്കെടുതിയിലും മരണസംഖ്യ നൂറ് കടന്നു. അതേസമയം, ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ തീരദേശ ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശ്രീലങ്കയുടെ മധ്യ, കിഴക്കന്‍ മേഖലകളിലാണ് ഡിറ്റ് വാ ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. രാജ്യത്തെ 20 ജില്ലകളിലായി ഏകദേശം രണ്ട് ലക്ഷത്തോളം പേരെ മഴക്കെടുതി ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബദുള്ള, നുവാര ഏലിയ മേഖലകളിലായി മുപ്പതോളം പേരെ കാണാതായിട്ടുണ്ട്. മൂവായിരത്തിലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. റെയില്‍വേ, റോഡ് ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു. അമ്പതിനായിരത്തോളം പേരെ താത്കാലിക ഷെല്‍ട്ടറുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

ഡിറ്റ് വാ ചുഴലിക്കാറ്റ് രൂപപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ കാറ്റിന്റെ വേഗം ഗണ്യമായി കൂടിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കടലൂര്‍, മൈലാടുതുറൈ, വിഴുപുരം, ചെങ്കല്‍പ്പെട്ട് ജില്ലകളിലും പുതുച്ചേരിയിലും 20 സെന്റീമീറ്ററില്‍ കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുന്ന സാഹചര്യത്തില്‍ രാമേശ്വരം പാമ്പന്‍ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. രാമേശ്വരത്തേക്ക് വരുന്ന തീവണ്ടികള്‍ നിലവില്‍ മണ്ഡപം റെയില്‍വേ സ്റ്റേഷന്‍ വരെ മാത്രമാണ് സര്‍വീസ് നടത്തുന്നത്. അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ സജ്ജമായി രംഗത്തുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment