കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കയ്ക്കും മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറിയതോടെയാണ് മഴ സാധ്യത വര്‍ധിച്ചത്. യെമന്‍ നിര്‍ദ്ദേശിച്ച ഡിറ്റ് വാ(Dit wah) ചുഴലിക്കാറ്റായി ഇത് മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
തീവ്ര ന്യൂനമര്‍ദം വരും മണിക്കൂറുകളില്‍ ചുഴലിക്കാറ്റായി മാറിയ ശേഷം, തുടര്‍ന്നുള്ള രണ്ട് ദിവസത്തിനുള്ളില്‍ ശ്രീലങ്കന്‍ തീരം വഴി വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളിലേക്ക് നീങ്ങാനാണ് സാധ്യത. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളില്‍ രൂപപ്പെട്ട മറ്റൊരു ചുഴലിക്കാറ്റായ സെന്യാര്‍(Senyar) നിലവില്‍ വടക്കുകിഴക്കന്‍ ഇന്‍ഡോനേഷ്യയുടെ തീരപ്രദേശത്തിന് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചിരുന്ന ഈ ചുഴലിക്കാറ്റിന്റെ ശക്തി വരും മണിക്കൂറുകളില്‍ കുറഞ്ഞ് കിഴക്കോട്ട് സഞ്ചരിക്കാനാണ് സാധ്യത.
കാലാവസ്ഥാ പ്രതികൂലമായ സാഹചര്യത്തില്‍ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നത് പൂര്‍ണ്ണമായും വിലക്കിയിട്ടുണ്ട്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്നും നിലവില്‍ കടലിലുള്ളവര്‍ സുരക്ഷിത തീരങ്ങളിലേക്ക് എത്തണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നല്‍കി.
Comments
No comments yet. Be the first to comment!
Leave a Comment